Saturday, July 8, 2017

പുരാണം - ധര്‍മ്മഗുപ്തന്‍*



*പുരാണം - ധര്‍മ്മഗുപ്തന്‍*


സോമവംശജനായ നന്ദനന്‍റെ എന്ന മഹാരാജാവിന്‍റെ പുത്രനാണ്‌ ധര്‍മ്മഗുപ്തന്‍.ഒരിക്കല്‍ ഇദ്ദേഹം നായാട്ടിനായി വനത്തില്‍ പോകുകയും, സന്ധ്യ കഴിയുന്ന വരെ മൃഗയാ വിനോദത്തില്‍ ഏര്‍പ്പെടുകയും ചെയ്തു.സമയം രാത്രിയായി, എങ്ങും ഇരുള്‍ പടര്‍ന്നു..

ഈ സമയത്ത് തിരിച്ച് കൊട്ടാരത്തില്‍ പോകുന്നത് പന്തിയല്ലെന്ന് മനസിലാക്കിയ രാജകുമാരന്‍ ഒരു മരത്തില്‍ കയറി ഇരുന്നു.അതേ സമയത്ത് ഒരു സിംഹത്തെ ഭയന്ന് ഓടി വന്ന കരടിയും അതേ മരത്തില്‍ കയറി; എന്നിട്ട് അത് രാജകുമാരനോട് പറഞ്ഞു:

"രാജാവേ, എന്നെ നിങ്ങളുടെ മിത്രമായി കരുതുക.ഈ രാത്രി നമുക്ക് ഈ മരത്തില്‍ കഴിച്ച് കൂട്ടാം.അര്‍ദ്ധരാത്രി വരെ ഞാന്‍ കാവലിരിക്കാം, ശേഷം സമയം ഞാന്‍ ഉറങ്ങാം താങ്കള്‍ കാവലിരിക്കു"

അങ്ങനെ രാജകുമാരന്‍ ഉറക്കം ആരംഭിച്ചു.അപ്പോള്‍ താഴെ നിന്ന സിംഹം കരടിയോട് രാജകുമാരനെ തള്ളി ഇടുവാന്‍ ആവശ്യപ്പെട്ടു.താന്‍ വിശ്വാസവഞ്ചന ചെയ്യില്ലെന്ന് കരടി മറുപടി നല്‍കി.തുടര്‍ന്ന് രാജകുമാരന്‍ കാവലിരിക്കാന്‍ തുടങ്ങി; സിംഹം കരടിയെ തള്ളി ഇട്ട് കൊടുക്കാന്‍ കുമാരനോട് ആവശ്യപ്പെട്ടു.സ്വന്തം രക്ഷ ഓര്‍ത്ത് കുമാരന്‍ കരടിയെ തള്ളിയിട്ടു.കരടി എങ്ങനെയോ ഒരു വൃക്ഷകൊമ്പില്‍ പിടിച്ച് രക്ഷപെടുകയും, രാജകുമാരനെ ശപിച്ച് ഒരു ഭ്രാന്തനാക്കുകയും ചെയ്തു.

വാല്‍കഷ്ണം:
ഭൃഗുകുലത്തിലെ ധ്യാനകാഷ്ഠന്‍ എന്ന മുനിയായിരുന്നു ആ കരടി.അതേ പോലെ ശാപം കിട്ടിയ ഭദ്രന്‍ എന്ന യക്ഷനായിരുന്നു ആ സിംഹം.പില്‍ക്കാലത്ത് നന്ദനന്‍, ജൈമിനി മഹര്‍ഷിയുടെ ഉപദേശപ്രകാരം പുത്രനെ പുഷ്ക്കരണീ തീര്‍ത്ഥത്തില്‍ സ്നാനം ചെയ്യിക്കുകയും ധര്‍മ്മഗുപ്തന്‍റെ ഭ്രാന്ത് മാറുകയും ചെയ്തു.

No comments:

Post a Comment