Saturday, July 8, 2017

ഗുരുവായൂരപ്പന്റെ കാരുണ്യ കഥാമൃതം

ഗുരുവായൂരപ്പന്റെ കാരുണ്യ കഥാമൃതം

ഓണക്കോടി ചോദിച്ചു വാങ്ങിയ ഗുരുവായൂരപ്പൻ..
____________________________________;_________
ഈ കഥ ക്ഷേത്രം ഊരാളൻ ആയ മല്ലിശ്ശേരി നമ്പൂതിരിയു മായി ബന്ധപ്പെട്ടതാണ്. കോഴിക്കോട് സാമൂതിരിയുടെ സാമന്തൻ മാരാണ് മല്ലിശ്ശേരി ഇല്ലക്കാർ.. ദേവസ്വം റെക്കോർഡ് പ്രകാരം ഗുരുവായൂരപ്പന്റ കാരണവ സ്ഥാനം.. ആയതിനാൽ ഇവർക്ക് ക്ഷേത്ര ശ്രീലകത്ത് കയറി പൂജിക്കാൻ അവകാശമില്ല..

വളരെ വർഷങ്ങൾക്ക് മുമ്പ് മല്ലിശേരി മനയിൽ ഒരു കൃഷ്ണൻ നമ്പൂതിരി ഉണ്ടായിരുന്നു.. 64 വയസ് പ്രായം. വിവാഹിതനെങ്കിലും മക്കൾ ഉണ്ടായില്ല. കുറെ വഴിപാടുകൾ നേർന്നു. ഫലം ഒന്നും കിട്ടിയില്ല. അവസാന ശ്രമമെന്ന വണ്ണം ഒരു പ്രശ്നവിചാരം നടത്തി.അപ്പോൾ കണ്ടത് തിരുമേനിക്ക് സ്വത്ത് ധാരാളമുണ്ടെങ്കിലും ദാന ധർമ്മാദികൾ നടത്താറില്ല. അതാണ് അനപത്യ ദു:ഖത്തിന് ഹേതു.. പ്രശ്ന വിചാര മറിഞ്ഞ നമ്പൂതിരിപ്പാട്  ധാരാളം ദാന ധർമ്മങ്ങൾ നടത്തി.. ഗുരുവായൂർ ക്ഷേത്ര പരിസരത്ത് അലഞ്ഞു നടന്നിരുന്ന കുട്ടികൾക്കും സാധുക്കൾക്കും  വസ്ത്രവും ഭക്ഷണവും ഒക്കെ ദാനം ചെയതു.കാലം കടന്നപ്പോൾ അന്തർജനം ഗർഭിണിയായി.. സന്തോഷവാനായ തിരുമേനി ഗുരുവായൂരപ്പന് പല വിശേഷ വഴിപാടുകളും കഴിച്ചു.. തന്റെ വംശപരമ്പര നിലനിർത്താൻ തനിക്ക് ഒരു പുത്ര സന്താനത്തെ തരേണമെന്ന് അദ്ദേഹം അകമഴിഞ്ഞു പ്രാർത്ഥിച്ചു.കൂടാതെ ആ ഉണ്ണിക്ക് കൃഷ്ണൻ എന്ന പേരിട്ട് വിളിക്കാം എന്നും തുടർന്ന് കുടുംബത്തിലെ എല്ലാ തലമുറയിലും ഉണ്ടാകുന്ന ആദ്യത്തെ പുരുഷ സന്താനത്തിന് കൃഷ്ണൻ എന്ന് നാമകരണം ചെയ്യണമെന്ന് വ്യവസ്ഥയും എഴുതി ഉണ്ടാക്കിച്ചു.. അതിപ്പോഴും തുടർന്നു വരുന്നു.

ഏതായാലും തിരുമേനിയുടെ പ്രാർത്ഥന ഫലിച്ചു.. ചിങ്ങത്തിലെ തിരുവോണത്തിന്  അദ്ദേഹത്തിന് ഒരു പുരുഷ സന്താനം ഉണ്ടാവുകയും കൃഷ്ണൻ എന്ന് നാമകരണം ചെയ്യുകയുമുണ്ടായി.. അദ്ദേഹം തുടർന്നും ദാനധർമ്മങ്ങൾ നടത്തി പ്പോന്നു. പാവപ്പെട്ട കുട്ടികൾക്ക് ഉണ്ണിയുടെ പിറന്നാളിനോടനുബന്ധിച്ച് ഓണക്കോടി വിതരണം മുടങ്ങാതെ നടത്തി. മല്ലിശ്ശേരി ഉണ്ണി വളർന്ന് ഉപനയനം നടത്തേണ്ട സമയമായി. ചിങ്ങമാസത്തിൽ ഓണ സമയത്താണ് ഉപനയനം നിശ്ചയിച്ചത്.ആ സമയം പതിവായി ക്ഷേത്രപരിസരത്തെ അനാഥ കുട്ടികൾക്ക് വാങ്ങിക്കുന്ന ഓണക്കോടിയെക്കാപ്പം സ്വന്തം ഉണ്ണിക്കായി ഒരു മേൽത്തരം  പാവ് മുണ്ട് കൂടി വാങ്ങി. ശുദ്ധഹൃദയനും ദാനശീലനുമാണെങ്കിലും സ്വന്തം ഉണ്ണിക്ക് വേണ്ടി എന്ന ഒരു തോന്നൽ തിരുമേനിക്കുണ്ടായത് സ്വാഭാവികം.. എന്നാൽ ശ്രീലകത്തിരിക്കുന്ന സാക്ഷാൽ ഉണ്ണി ഇതെല്ലാം കാണുന്നുണ്ടായിരുന്നു. ഈ മുണ്ട് തനിക്ക് കിട്ടണമെന്ന് ഭഗവാനും വിചാരിച്ചു കാണും. അങ്ങനെ കോടി വിതരണം നടത്തുന്ന ദിവസമെത്തി .. ദീപാരാധന ശേഷം രാത്രിയിൽ ആണ് കോടി വിതരണം ചെയ്തത്. .സ്വന്തം ഉണ്ണിക്കായി വാങ്ങിയ കോടി തിരുമേനി മാറ്റി വച്ചിരുന്നു. എല്ലാ കുട്ടികൾക്കും കോടി വിതരണം ചെയ്ത് ഉണ്ണിക്കുള്ള വിശേഷപ്പെട്ട മുണ്ടുമായി  തിരുമേനി പോകാൻ ഇറങ്ങിയപ്പോൾ കണ്ടാൽ സുന്ദരനായ ഒരു കുട്ടി തിരുമേനിക്ക് മുൻപിൽ എത്തി കൈ നീട്ടി. ശ്രീത്വമുള്ള മുഖം. തിരുമേനിയുടെ പുത്രന്റെ അതേ പ്രായം. എന്താ ഇത്ര വേഗം പോകാറായോ .നട അടച്ചില്ലല്ലോ .എന്റെ മുണ്ടെ വിടെ എന്ന് ചോദിച്ച് കുട്ടി തിരുമേനിയുടെ നേർക്ക് കൈ നീട്ടി. അപ്പോൾ മല്ലിശ്ശേരി തിരുമേനി പറഞ്ഞു മുണ്ടുകൾ എല്ലാം കൊടുത്തു കഴിഞ്ഞല്ലോ. എന്താ ഇത്ര വൈകിയത്. ഇനി അടുത്ത വർഷമാകട്ടെ എന്ന്. അപ്പോൾ ആ ബാലൻ അവിടെ കൂടി നിന്ന എല്ലാവരും കേൾക്കെ  പറഞ്ഞു. " വല്യ ദാന ധർമ്മിഷ്ഠനാണ് മല്ലിശ്ശേരി നമ്പൂതിരി എന്നാണ് കേട്ടിരിക്കുന്നത്. താങ്കൾ നുണ പറയാനും തുടങ്ങിയോ." താൻ ഒളിപ്പിച്ചു വച്ച മുണ്ടിന്റെ കാര്യം ആ ബാലൻ കണ്ടു പിടിച്ചതിന്റെ ജാള്യം അദ്ദേഹത്തിനുണ്ടായെങ്കിലും ഇത് ഗുരുവായൂരപ്പന്റെ ഹിതം അതായിരിക്കാം എന്നു വിചാരിച്ച് ആ വിശേഷപ്പെട്ട മുണ്ട് അദ്ദേഹം ഈ ബാലന്റെ കൈകളിൽ വച്ചുകൊടുത്ത് ഇല്ലത്തേക്ക് മടങ്ങി.  ഗുരുവായൂർ മതിൽക്കകത്ത് വച്ച് നിസാരമായ ഒരു കാര്യത്തിന് നുണ പറഞ്ഞ വിഷമത്തിൽ ആണ് തിരുമനസ് ഇല്ലത്തേക്ക് പോയത്.അവിടെ കൂടെ നിന്നവരെല്ലാം ആ മിടുക്കൻ ബാലനെ അന്വേക്ഷിച്ചെങ്കിലും ആർക്കും കാണാൻ പറ്റിയില്ല.

പിറ്റേ ദിവസം രാവിലെ നിർമ്മാല്യത്തിന് മല്ലിശ്ശേരി തിരുമേനി ഉൾപ്പെടെ ഉള്ളവർ വന്നെത്തി.. തിരുനട തുറന്നപ്പോൾ അതാ ഉണ്ണിക്കണ്ണന്റെ തൃക്കയ്യിൽ തലേ ദിവസം മല്ലിശ്ശേരി തിരുമേനി കൊടുത്ത പാവുമുണ്ട്..
മല്ലിശ്ശേരി  അത്ഭുതപ്പെടുകയും ഭഗവാന്റെ ലീലാവിലാസമോർത്ത് കണ്ണീർ
വാർക്കുകയും ഉണ്ടായി. ഭഗവദ്ദർശനവും ആത്മസാക്ഷാത്കാരവും ലഭിച്ച നമ്പൂതിരി അധികം താമസിയാതെ ദിവംഗതനായി.

ഈ മഹാനുഭാവന്റെ സ്മരണ നിലനിർത്തി ഇന്നും മല്ലിശ്ശേരി ഇല്ലത്തെ മൂത്ത ആൺ പ്രജയക്ക് കൃഷ്ണൻ എന്നാണ് പേരിട്ട് വരുന്നത്. ഗുരുവായൂരപ്പന്റെ കാരണവപ്പാടിന്റെ സ്ഥാനം ഇന്നും മല്ലിശ്ശേരി നമ്പൂതിരിമാർക്ക് മാത്രം അവകാശപ്പെട്ടതാണ്...

ഭഗവാനേ..കൃഷ്ണാ !!! എന്നും ആ ശ്രീലകത്തിരുന്നു മായകൾ കാട്ടുന്ന ഗോവിന്ദാ... ഗോപാലകൃഷ്ണാ.... മുകുന്ദാ മുരാരേ... പാഹിമാം പാഹിമാം...
" നാരായണ സകല സന്താപ നാശന ജഗദ് നാഥ വിഷ്ണു ഹരി നാരായണായ നമഃ"

No comments:

Post a Comment