Monday, July 10, 2017

പുരാണം - തുളസി



             *പുരാണം - തുളസി*



ലക്ഷ്മി ദേവി മാത്രമല്ല, സരസ്വതി ദേവിയും ഗംഗാദേവിയും ആദിയില്‍ വിഷ്ണുഭഗവാന്‍റെ ഭാര്യമാരായിരുന്നു.അവരോടുള്ള അദ്ദേഹത്തിന്‍റെ സ്നേഹത്തിനു ഏറ്റകുറച്ചിലുകള്‍ ഉണ്ടായിരുന്നില്ല.
അങ്ങനെ ഒരു ദിവസം...
നാല്‌ പേരും ഒന്നിച്ചിരിക്കുന്ന സമയം..
ഗംഗാദേവി വിഷുണുഭഗവാനെ നോക്കി ഒന്ന് മന്ദഹസിച്ചു, ഇത് സരസ്വതി ദേവിക്ക് ഇഷ്ടമായില്ല.
പോരെ പൂരം?
അതൊരു കലഹത്തിനു വഴി തെളിച്ചു!!

സരസ്വതി ദേവി ഗംഗക്ക് നേരെ ആക്രമം തുടങ്ങി.ഇത് കണ്ട് തടഞ്ഞ ലക്ഷിദേവിയെ ഒരു ചെടിയായി പോകട്ടെ എന്ന് ശപിച്ചു.തുടര്‍ന്ന് ഗംഗാദേവിയും സരസ്വതി ദേവിയും പരസ്പരം നദിയായി പോകട്ടെ എന്ന് ശപിച്ചു.അങ്ങനെ ആ രംഗം ശാന്തമായി.

ലക്ഷ്മി ദേവിക്ക് ലഭിച്ച ആ ശാപം ഫലിക്കേണ്ട സമയമായി...
ദേവി ധര്‍മ്മധ്വജന്‍ എന്ന രാജാവിന്‍റെ മകളായി ജനിച്ചു, ആ സുന്ദരി ആയിരുന്നു തുളസി.ഈ പെണ്‍കുട്ടി മഹാവിഷ്ണു തന്‍റെ ഭര്‍ത്താവായി തീരണമെന്ന് ആഗ്രഹിച്ച് തപസ്സ് ചെയ്തു.ഒടുവില്‍ ബ്രഹ്മാവ് അവള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെറ്റുകയും ഇങ്ങനെ പറയുകയും ചെയ്തു:

"ശ്രീകൃഷ്ണ തേജസ്സില്‍ നിന്ന് ഉണ്ടായ സുദാമാവ്, രാധയുടെ ശാപം നിമിത്തം ശംഖചൂഡന്‍ എന്ന അസുരനായി ജനിച്ചിരിക്കുന്നു.ഇപ്പോള്‍ ദേവി അവന്‍റെ ഭാര്യ ആകുക, കാലക്രമേണ ദേവിക്ക് വിഷ്ണുഭഗവാന്‍റെ ഭാര്യ ആകാന്‍ സാധിക്കും"

അങ്ങനെ ശംഖചൂഡന്‍ തുളസിയെ വിവാഹം കഴിച്ചു!!

പില്‍ക്കാലത്ത് ശംഖ്ചൂഡന്‍ ഒരു വരം നേടി, തുളസി പതിവ്രത ആയിരിക്കുന്ന കാലത്തോളം തന്നെ ആരും കൊല്ലരുത്.ഈ വരം ലഭിച്ചതോടെ അവന്‍ അഹങ്കാരിയായി മാറി.അവന്‍റെ ആക്രമത്താല്‍ ഈരേഴുപതിനാല്‌ ലോകവും വിഷമിച്ചു.അങ്ങനെ അവനെ നേരിടാന്‍ ശിവഭഗവാന്‍ തയ്യാറായി.
യുദ്ധത്തില്‍ ശിവഭഗവാനു ജയിച്ചേ പറ്റു!!
അതിനായി വിഷ്ണുഭഗവാന്‍ ശംഖ്ചൂഡന്‍റെ രൂപത്തില്‍ തുളസിക്ക് അരികില്‍ എത്തുകയും, അവളോടൊത്ത് ശയിക്കുകയും ചെയ്തു.ഈ സമയത്ത് ശിവഭഗവാന്‍ ശംഖ്ചൂഡനെ വധിച്ചു.തന്‍റെ കൂടെ കിടക്കുന്നത് ഒരു കപട വേഷധാരിയാണെന്ന് മനസിലാക്കിയ തുളസി വിഷ്ണുഭഗവാനെ ശപിക്കാന്‍ ഒരുങ്ങി.അതോടെ ഭഗവാന്‍ തന്‍റെ യഥാര്‍ത്ഥരൂപത്തില്‍ പ്രത്യക്ഷപ്പെടുകയും ഇങ്ങനെ പറയുകയും ചെയ്തു:

"ദേവി, നീ ലക്ഷ്മി ആകുന്നു.എന്‍റെ അംശം ആയിരുന്ന ശംഖ്ചൂഡന്‍റെ ഭാര്യ ആയി നിന്ന നീ ഈ ദേഹം ഉപേക്ഷിച്ച് വൈകുണ്ഠത്തിലേക്ക് വരാന്‍ സമയം ആയിരിക്കുന്നു"

ഇതേ തുടര്‍ന്ന് ശാപകഥ ഓര്‍മ്മ വന്ന ലക്ഷ്മി ദേവി, തുളസിയുടെ ശരീരം ഉപേക്ഷിച്ച് വൈകുണ്ഠത്തിലേക്ക് യാത്രയായി.ആ ശരീരം ദ്രവിച്ച് ഗണ്ഡകി എന്ന നദിയായും, തലമുടി രോമങ്ങള്‍ തുളസിചെടിയായും മാറി.ലക്ഷ്മിദേവിയുടെ അംശമായ തുളസിദളം അങ്ങനെ ദേവപൂജക്ക് ശ്രേഷ്ഠമായത് ആയി തീര്‍ന്നു.

വാല്‍കഷ്ണം:
തുലാ അസ്യതി ഇതി തുളസി
(ഉപമ(തുല) ഇല്ലാത്തവള്‍ ആണത്രേ തുളസി)


No comments:

Post a Comment