Saturday, July 8, 2017

വിചിത്രവും വ്യത്യസ്ഥവുമാണ് ഈ ക്ഷേത്രം



പല തരത്തില്‍ വിചിത്രമായ ക്ഷേത്രങ്ങളെക്കുറിച്ച് നാം ധാരാളം കേട്ടിട്ടുണ്ട്. നാം കേട്ടിട്ടുള്ളവയില്‍ നിന്നെല്ലാം വിഭിന്നവും ഏറെ വിചിത്രവും വ്യത്യസ്ഥവുമാണ് ഈ ക്ഷേത്രം. കടലിനടിയില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രം എന്നു കേള്‍ക്കുമ്പോള്‍ തോന്നുന്ന അതേ ആശ്ചര്യമാണ് ക്ഷേത്രത്തിന്റെ ഉല്പത്തിയെക്കുറിച്ചും വിഗ്രഹ ദര്‍ശനത്തെക്കുറിച്ചും അറിയുമ്പോള്‍ നമുക്കുണ്ടാവുന്നത്. തീരത്തു നിന്നും ഒന്നര കിലോമീറ്റര്‍ അകലെ കടലിനടിയില്‍ ആണ് അത്ഭുത ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.



ഗുജറാത്തിലെ ഭാവ്‌നഗര്‍ ജില്ലയിലെ കോലിയാക്ക് എന്ന സ്ഥലത്താണ് കടലിനടിയില്‍ സ്ഥിതി ചെയ്യുന്ന ഈ അത്ഭുത ക്ഷേത്രമുള്ളത്. നിഷ്‌കളങ്കേശ്വര്‍ ക്ഷേത്രം അഥവാ നിഷ്‌കളന്‍ മഹാദേവ് എന്നറിയപ്പെടുന്ന ഈ ക്ഷേത്രം തീരത്തു നിന്നും ഏകദേശം ഒന്നരകിലോമീറ്ററോളം അകലെയാണ്. കടലിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ദിവസത്തില്‍ ആറു മണിക്കൂര്‍ മാത്രമേ പുറത്ത് കാണാനാവൂ. അല്ലാത്ത സമയങ്ങളില്‍ കടല്‍ജലം വന്നു മൂടുന്ന ഇവിടം ശൈവ വിശ്വാസികളുടെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്. നിഷ്‌കളന്‍ മഹാദേവ് അല്ലെങ്കില്‍ നിഷ്‌കളങ്കേശ്വര്‍ എന്നാണ് ഇവിടെ ശിവന്‍ അറിയപ്പെടുന്നത്. പാപങ്ങളെല്ലാം കഴുകി തങ്ങളെ ശുദ്ധരാക്കിയതിനാലാണ് ഇങ്ങനെയൊരു പേരു ലഭിച്ചത്.



ദിവസത്തില്‍ ആറു മണിക്കൂര്‍ മാത്രം കാണുന്ന അത്ഭുത ശിവന്‍ ദിവസത്തില്‍ ആറു മണിക്കൂറോളം സമയം മാത്രമേ ഈ അത്ഭുത ക്ഷേത്രം പുറത്തു കാണാനും സന്ദര്‍ശിക്കാനും കഴിയൂ എന്നതാണ് വലിയ പ്രത്യേകത. വേലിയിറക്കത്തിന്റെ സമയം നോക്കിയാണ് കടലിലൂടെ കാല്‍നടയായി സഞ്ചരിച്ച് ക്ഷേത്രത്തിലെത്തുന്നത്. വേലിയിറക്ക സമയത്ത് മാത്രമേ വെള്ളം ഇറങ്ങി പ്രതിഷ്ഠയും വിഗ്രഹങ്ങളും കാണാനാവൂ. എല്ലാ ദിവസവും ക്ഷേത്രം സന്ദര്‍ശിക്കാമെങ്കിലും അമാവാസി ദിവസങ്ങളിലെ സന്ദര്‍ശനത്തിനാണ് ഭക്തര്‍ മുന്‍തൂക്കം കൊടുക്കുന്നത്.



നിഷ്‌കളങ്കേശ്വരന്റെ സന്നിധിയില്‍ ചിതാഭസ്മം നിമഞ്ജനം ചെയ്താല്‍ പാപങ്ങളില്‍ നിന്നും മോചനം ലഭിക്കുമെന്ന് ഒരു വിശ്വാസമുണ്ട്. ഇതനുസരിച്ച് ചിതാഭസ്മം ഇവിടുത്തെ കടലില്‍ ഒഴുക്കി വിടാനായി ധാരാളം ആളുകള്‍ ഇവിടെ എത്താറുണ്ട്. തീരത്തു നിന്നും ഒന്നരകിലോമീറ്റര്‍ അകലെ ക്ഷേത്രം സ്ഥാപിക്കപ്പെട്ടതിനു പിന്നില്‍ നിരവധി കഥകളും പ്രചാരത്തിലുണ്ട്. അതില്‍ ഏറ്റവും പ്രശസ്തമായത് പഞ്ച പാണ്ഡവന്‍മാരുമായി ബന്ധപ്പെട്ടതാണ്. ക്ഷേത്രത്തിലെ സ്വയംഭൂവായ അഞ്ച് ശിവലിംഗങ്ങളും ഈ കഥയെ ശരിവയ്ക്കുന്നു. മഹാഭാരത യുദ്ധത്തില്‍ കൗരവന്‍മാരെ പരാജയപ്പെടുത്തിയ പാണ്ഡവര്‍ക്ക് സഹോദരന്‍മാരെ കൊലചെയ്തതില്‍ അതിയായ വിഷമമുണ്ടായി. പാപപരിഹാരത്തിന് മാര്‍ഗ്ഗം അന്വേഷിച്ച് കൃഷ്ണന്റെ അടുത്തെത്തിയ ഇവര്‍ക്ക് കൃഷ്ണന്‍ കറുത്ത കൊടിയും കറുത്ത പശുവിനെയും നല്കി. അന്നിട്ട് അതിനെ പിന്തുടരാന്‍ പറഞ്ഞു. പശുവും കൊടിയും വെളുത്ത നിറത്തിലാകുമ്പോള്‍ തെറ്റിനു പരിഹാരമാവുമത്രെ. ദിവസങ്ങല്‍ ഇങ്ങനെ അലഞ്ഞ പാണ്ഡവര്‍ ഒടുവില്‍ കോലിയാക് തീരത്തെത്തിയപ്പോള്‍ കൊടിക്കും പശുവിനും നിറംമാറ്റം സംഭവിച്ചു. പിന്നീട് ശിവനോട് പ്രാര്‍ഥിച്ചപ്പോള്‍ അദ്ദേഹം സ്വയംഭൂ ലിംഗമായി ഓരോരുത്തരുടെയും മുന്നില്‍ അവതരിച്ചു. അമാവാസി നാളില്‍ തങ്ങളുടെ മുന്നില്‍ അവതരിച്ച ശിവനെ അവര്‍ തീരത്തു നിന്നും ഒന്നര കിലോമീറ്റര്‍ അകലെയുള്ള ഒരു ചെറിയ ദ്വീപില്‍ പ്രതിഷ്ഠിച്ചു. അതാണ് ഇന്നുകാണുന്ന ക്ഷേത്രം.



ക്ഷേത്രത്തിലെ ഉത്സവത്തിന്റെ സമയത്ത് മാത്രമാണ് ഇവിടുത്തെ കൊടിമരത്തിലെ കൊടി മാറ്റി സ്ഥാപിക്കുന്നത്. ഇതുവരെയും കൊടിമരം കടലെടുത്തിട്ടില്ല എന്നാണ് ഇവിടെയുള്ളവര്‍ പറയുന്നത്. അമ്പതിനായിരത്തോളം പേര്‍ കൊല്ലപ്പെട്ട 2001 ലെ ഭൂകമ്പത്തിലും ഈ കൊടിമരം ഇതുപോലെ തന്നെ നിന്നത്രെ. എല്ലാദിവസവും ഇവിടം സന്ദര്‍ശിക്കാമെങ്കിലും വേലിയിറക്കത്തിന്റെ സമയം കൂടി കണക്കിലെടുത്തുവേണം വരാന്‍. വേലിയിറക്കത്തില്‍ കടല്‍ ഉള്ളിലേക്ക് വലിയുമ്പോള്‍ മാത്രമേ അവിടേക്ക് സഞ്ചരിക്കാനാവൂ. ശ്രാവണ മാസത്തിലെ അമാവാസി നാളിലാണ് ഇവിടുത്തെ പ്രധാന ആഘോഷം നടക്കുന്നത്.



ഗുജറാത്തിലെ ഭാവ്‌നഗര്‍ ജില്ലയിലെ കോലിയാക്ക് എന്ന സ്ഥലത്താണ് ഈ അത്ഭുത ക്ഷേത്രമുള്ളത്. ഭാവ്‌നഗറില്‍ നിന്നും ഏകദേശം 30 കിലോമീറ്റര്‍ അകലെയാണ് ഈ കോലിയാക് സ്ഥിതി ചെയ്യുന്നത്. ഭാവ്‌നഗര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ധാരാളം വാഹനങ്ങള്‍ കോലിയാക്കിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.

No comments:

Post a Comment