Saturday, July 8, 2017

മഴുവന്നൂർ മഹാശിവക്ഷേത്രം



*മഴുവന്നൂർ മഹാശിവക്ഷേത്രം

വയനാട് ജില്ലയിലെ പ്രശസ്തമായ ശിവ ക്ഷേത്രമാണ് മഴുവന്നൂർ മഹാശിവ ക്ഷേത്രം...പരശുരാമാനാണ് ഈ അമ്പലത്തിന്‍റെ പ്രതിഷ്ഠ നടത്തിയെതെന്നാണ് വിശ്വാസം.

ശ്രിപരമ ശിവൻ, ശ്രീ അയ്യപ്പൻ, ഗണപതിയുമാണ് ഇവിടുത്തെ പ്രതിഷ്ഠകൾ. കരിങ്ങാരി, പാലിയാണ, തരുവണ എന്നീ സ്ഥലങ്ങള്‍ക്കിടയിലെ ഏറ്റവും ഉയർന്ന കുന്നായ മഴുവന്നൂർ കുന്നിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

മഴു വന്നു പതിച്ച സ്ഥലമാണ് മഴുവന്നൂർ. ഊർ എന്നാൽ സ്ഥലം എന്നാണ് അർഥം. മഴു + വന്ന + ഊർ അങ്ങനെ മഴുവന്നൂർ ആയി.

ബാണാസുരൻ തപസ്സു ചെയ്തു ശിവനെ പ്രത്യക്ഷപ്പെടുത്തി. തന്‍റെ കോട്ടയ്ക്ക് കാവൽ നിൽക്കണമെന്ന് ബാണാസുരൻ പരമശിവനോട്‌ വരം ചോദിച്ചു, അങ്ങനെ പരമശിവനും പാർവതിയും ബാണാസുരന്‍റെ കോട്ടയ്ക്ക് കാവൽ നിന്നു.

ബാണപുത്രി ചിത്രലേഖ ശ്രീകൃഷ്ണന്‍റെ പുത്രനായ അനിരുദ്ധനുമായി പ്രണയത്തിലാണ്. അങ്ങനെ ഒരു ദിവസം അനിരുദ്ധൻ ചിത്രലേഖയെ കൂട്ടി കൊണ്ട് പോകാനായി ബാണാസുരന്‍റെ കോട്ടയിൽ എത്തി. അപ്പോൾ അവിടെ കോട്ടയ്ക്ക് കാവൽ നിൽക്കുകയായിരുന്ന ശിവനും അനിരുദ്ധനുമായി യുദ്ധം ഉണ്ടായി. ബാണാസുര കോട്ടയിൽ നിന്നും പരമശിവൻ തന്‍റെ കയ്യിൽ ഉണ്ടായിരുന്ന മഴു അനിരുദ്ധന്‍റെ നേർക്ക്‌ വീശി എറിഞ്ഞു. ആ മഴു വന്നു വീണ സ്ഥലമാണ് മഴുവന്നൂർ എന്നാണ് ഐതിഹ്യം.

ആദിമ കാലത്ത്‌ കല്ലിലും മരത്തിലും തീർത്ത ക്ഷേത്ര ശ്രീകോവിലും മറ്റും ഈ അടുത്ത കാലത്ത്‌ പുതുക്കി പണിതു. ക്ഷേത്രത്തിനു ചുറ്റുമുണ്ടായിരുന്ന നാലുകേട്ട് പഴമ കാരണം ദ്രവിച്ചു പോയ അവസ്ഥയിലാണ് .. എന്നാലും അതി പുരാതനമായ കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങൾ ഇന്നും അവിടെ തന്നെ ഉണ്ട്. ഇപ്പോൾ ക്ഷേത്രം മലബാർ ദേവസ്വതിനു കീഴിലാണ്.

ഈ ക്ഷേത്രത്തിൽ നിന്ന് അൽ‌പം അകലെയാണ് ഐതിഹ്യത്തിൽ പറയുന്ന ബാണാസുര മല നിരകൾ. വളരെ ദൂരത്തുനിന്നു കാണാവുന്ന ബാണാസുര മല നിരകളുടെ അടിവാരത്താനു ബാണാസുര സാഗർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്.

കടൽനിരപ്പിൽ നിന്നും 700 മീറ്റർ ഉയരത്തിലാണ് മഴുവന്നൂർ സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിൽ ശ്രീ അയ്യപ്പനെ പ്രതിഷ്ഠ ചെയ്ത ആല്‍തറയിൽ ഉള്ള ആലിന്‍റെ കൂട്ടത്തിൽ പലതരം മരങ്ങൾ കൂടി വളര്‍ന്നിരിക്കുന്നു,..ഇതിനു നൂറ്റാണ്ട്കളുടെ പഴക്കമുണ്ട്.

വർഷത്തിൽ എല്ലാ ദിവസവും ഇവിടെ പൂജ നടക്കുന്നുണ്ട്. മഴുവന്നൂർ തെക്കേ ഇല്ലം എംബ്രാന്തിരിമാരാണ് ഇവിടെ അതിപുരാതന കാലം തൊട്ടു പൂജ നടത്താറ്.

മാനന്തവാടിക്ക് 10 കിലോമീറ്റർ തെക്ക് പടിഞ്ഞാർ ആയി ആണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കുറ്റ്യാടിയിലേക്ക്‌ ഉള്ള വഴിയിലെ തരുവണയിൽ നിന്നും ഒരു കിലോമീറ്റർ ദൂരത്തിലാണ് ഇവിടം.

No comments:

Post a Comment