Thursday, August 30, 2018

ഉദ്ധവർ

*ശ്രീ കൃഷ്ണൻ എന്തുകൊണ്ട് പാണ്ഡവരെ ശകുനിയുടെ കള്ളച്ചൂതുകളിയിൽ നിന്ന് രക്ഷിച്ചില്ല?*

ഇതിനുള്ള വിശദീകരണം ശ്രീ കൃഷ്ണനിൽ നിന്ന് തന്നെ കേൾക്കുക.

*************************
*ഒന്നാം  ഭാഗം*
*************************
മഹാഭാരതകഥയിലെ ഒരു പ്രധാന കഥാപാത്രമാണ് ഉദ്ധവർ.

കുട്ടിക്കാലം മുതലേ തന്നെ ഉദ്ധവർ ശ്രീ കൃഷ്ണനോടൊപ്പമാണ്  വളർന്നത്.  ശ്രീ കൃഷ്ണന് വേണ്ടി തേരോടിച്ചും, ശ്രീ കൃഷ്ണനെ പലവിധത്തിലും സേവിച്ചുമാണ് ഉദ്ധവർ ജീവിച്ചത്. ഈ കാലമൊന്നും ഉദ്ധവർ സ്വന്തമായി ഒരു ആഗ്രഹമോ, വരമോ ശ്രീ കൃഷ്ണനോട് ചോദിച്ചിരുന്നില്ല.

മഹാഭാരത യുദ്ധം കഴിഞ്ഞിട്ട്  അനേകം സംവത്സരങ്ങൾ പിന്നിട്ടു. ശ്രീ കൃഷ്ണന്റെ അവതാര പൂർത്തീകരണത്തിനു സമയമായി.

ആ സമയത്തു ശ്രീ കൃഷ്ണൻ ഉദ്ധവരെ വിളിച്ച് ഇങ്ങനെ പറഞ്ഞു.

"പ്രിയപ്പെട്ട ഉദ്ധവാ, എന്റെ ഈ അവതാര കാലത്ത്, വളരെ അധികം ആളുകൾ എന്നോട് പല വരങ്ങളും ചോദിച്ചു വാങ്ങിയിട്ടുണ്ട്. എന്നാൽ അങ്ങാകട്ടെ ഇതുവരെ ഒരു ആഗ്രഹവും എന്നോട് പ്രകടിപ്പിച്ചിട്ടില്ല.

അങ്ങേക്ക് എന്താവശ്യമുണ്ടെങ്കിലും ഇപ്പോൾ എന്നോട് ചോദിക്കാം. ഞാൻ അത് സസന്തോഷം സാധിച്ചു തരും. 

അങ്ങേക്കുകൂടി ഒരു നല്ല കാര്യം ചെയ്തു തന്ന സംതൃപ്തിയോടെ ഞാൻ ഈ അവതാര നാടകം പൂർത്തിയാക്കട്ടെ."

ഉദ്ധവർ ഇതുവരെ ഒന്നും ശ്രീ കൃഷ്ണനോട് ആവശ്യപ്പെട്ടിട്ടില്ലെങ്കിലും, അദ്ദേഹം കുട്ടിക്കാലം മുതൽ തന്നെ ശ്രീ കൃഷ്ണന്റെ പ്രകൃതിയും പെരുമാറ്റവും അടുത്ത് കണ്ടറിയുന്നുണ്ടായിരുന്നു.

ഇക്കാലമത്രയും, ശ്രീ കൃഷ്ണന്റെ ഉപദേശങ്ങളും  പ്രവർത്തിയും തമ്മിൽ ഒരു പൊരുത്തമില്ലായ്മ അദ്ദേഹത്തിന് തോന്നിയിരുന്നു. അതുകൊണ്ടു തന്നെ അതിനെപ്പറ്റി ശ്രീ കൃഷ്ണനോട് ചോദിക്കണമെന്ന് ചിന്തിക്കുകയും ചെയ്തിരുന്നു.

ഏതാഗ്രഹവും അറിയിക്കാൻ ശ്രീ കൃഷ്ണൻ ആവശ്യപ്പെട്ടപ്പോൾ, ഇതൊരു അവസാന അവസരമായിക്കണ്ടു ഉദ്ധവർ കൃഷ്ണനോട് ചോദിച്ചു.

"പ്രഭോ, അങ്ങ് എല്ലായിപ്പോഴും ഞങ്ങളെ ധർമ്മത്തെ മുൻനിറുത്തി ജീവിക്കാൻ  ഉദ്‌ബോധിപ്പിച്ചു. എന്നാൽ അതിനെല്ലാം വ്യത്യസ്തമായി അങ്ങ് മറ്റൊരു പ്രകാരമാണ് ജീവിച്ചത്.

മഹാഭാരതമെന്ന മായാ നാടകത്തിൽ അങ്ങയുടെ പങ്കും, അങ്ങയുടെ പ്രവൃത്തിയും ഒന്നും എനിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല. അങ്ങയുടെ പല പ്രവർത്തികളുടെയും കാരണം അറിയണമെന്ന് എനിക്ക് ഇപ്പോഴും ആഗ്രഹമുണ്ട്. അങ്ങ് എന്റെ ഈ ആഗ്രഹം സാധിച്ചു തരുമോ?"

ഉദ്ധവരുടെ ചോദ്യത്തിന് ശ്രീ കൃഷ്ണൻ ഇങ്ങനെ മറുപടി പറഞ്ഞു.

"ഉദ്ധവാ, കുരുക്ഷേത്ര യുദ്ധഭൂമിയിൽ വച്ച് ഞാൻ അര്ജുനന് നൽകിയ ഉപദേശങ്ങൾ *ഭഗവത് ഗീത* എന്ന് അറിയപ്പെടും.

അതുപോലെ ഇന്ന് അങ്ങയുടെ ചോദ്യങ്ങൾക്ക് മറുപടിയായി ഇപ്പോൾ ഞാൻ പറയുന്ന വരികൾ  *ഉദ്ധവ ഗീത* എന്ന പേരിൽ ലോകമെങ്ങും അറിയപ്പെടും.

ഈ കാരണം കൊണ്ടുതന്നെയാണ് ഞാൻ അങ്ങേക്ക് ഈ അവസരം തരുന്നത്. യാതൊരു മടിയും കൂടാതെ ചോദ്യങ്ങൾ ചോദിച്ചുകൊള്ളുക."

*************************
*രണ്ടാം ഭാഗം*
*************************

ശ്രീ കൃഷ്ണന്റെ മറുപടി കേട്ട് ഉദ്ധവർ ഇപ്രകാരം തന്റെ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി.

"കൃഷ്ണാ, ആരാണ് യഥാർത്ഥ സുഹൃത്ത്?"

മറുപടിയായി ശ്രീ കൃഷ്ണൻ ഇപ്രകാരം പറഞ്ഞു.

"സഹായത്തിന് ആവശ്യപ്പെടാതെതന്നെ സഹായം നൽകുന്നവനാണ് യഥാർത്ഥ സുഹൃത്ത്."

ഉദ്ധവർ:  "കൃഷ്ണാ, അങ്ങ് പാണ്ഡവരുടെ അടുത്ത സുഹൃത്തായിരുന്നുവല്ലോ.

അവർ അങ്ങയെ തങ്ങളുടെ ആപൽ ബാന്ധവനായി (ആപത്തിൽ സഹായിക്കുന്നവനായി) കരുതിയതാണല്ലോ.

അങ്ങേക്കാണെങ്കിൽ, എന്താണ് സംഭവിക്കുന്നതെന്നും, ഭാവിയിൽ എന്തൊക്കെ സംഭവിക്കും എന്നും അറിയാൻ കഴിവുണ്ടല്ലോ. അവിടുന്ന് ജ്ഞാനികളിൽ ജ്ഞാനിയുമാണ്.

ആരാണ് യഥാർത്ഥ സുഹൃത്ത് എന്ന് അങ്ങുതന്നെ ഇപ്പോൾ പറഞ്ഞും കഴിഞ്ഞു.

അങ്ങനെയാണെങ്കിൽ, അങ്ങ് എന്തുകൊണ്ട് ഒരു യഥാർത്ഥ സുഹൃത്തിനെപ്പോലെ പ്രവർത്തിച്ചില്ല?

എന്തുകൊണ്ട് അങ്ങ് ധർമ്മപുത്രരെ (യുധിഷ്ഠിരനെ) ചൂതുകളിയിൽ നിന്നും പിന്തിരിപ്പിച്ചില്ല?

അതുപോട്ടെ, അങ്ങ് അത് ചെയ്തില്ല.

അതുകഴിഞ്ഞ് അങ്ങ് വിചാരിച്ചിരുന്നെങ്കിൽ  ചൂതുകളിയിലെ പകിട യുധിഷ്ഠിരന് അനുകൂലമാക്കി മറിക്കാമായിരുന്നു. അങ്ങനെ ധർമ്മം ജയിക്കുമെന്ന് അങ്ങേക്ക് ഉറപ്പാക്കാമായിരുന്നു. അങ്ങ് അതും ചെയ്തില്ല.

അതുo കഴിഞ്ഞ്, ധർമ്മപുത്രർ ചൂതിൽ പരാജയപ്പെട്ട് തന്റെ സമ്പത്തും, രാജ്യവും, തന്നെ തന്നെയും നഷ്ടപ്പെട്ടപ്പോഴെങ്കിലും അങ്ങേക്ക് ഈ ചൂതുകളി നിർത്താനായി ഇടപെടാമായിരുന്നു. അങ്ങനെ ഈ കളിയുടെ ആപത്തിൽ നിന്നും അയാളെ  അങ്ങേക്ക് രക്ഷിക്കാമായിരുന്നു.

ചൂതുകളി നടക്കുന്ന രാജസഭയുടെ  വെളിയിൽ കാത്തുനിന്ന അങ്ങേക്ക്, ധർമ്മപുത്രർ  സ്വന്തം സഹോദരങ്ങളെ പണയം വയ്ക്കാൻ തുടങ്ങുന്ന സമയത്തെങ്കിലും അകത്തു പ്രവേശിച്ചു അയാളെ  തടയാമായിരുന്നു. അങ്ങ് അതും ചെയ്തില്ല.

ഏറ്റവും അവസാനം, നീചനായ ദുര്യോധനൻ, ദ്രൗപദിയെ ( എല്ലായ്പ്പോഴും , പാണ്ഡവാന്മാർക്കു ഭാഗ്യം മാത്രം  സമ്മാനിച്ച ആ ദ്രൗപദിയെ ) വാതുവയ്ച്ചു ജയിച്ചാൽ, ഇതുവരെ നഷ്ടപ്പെട്ടതെല്ലാം തിരിച്ചുകൊടുക്കാം എന്ന് ധർമ്മപുത്രരെ പ്രലോഭിപ്പിച്ചപ്പോൾ, അപ്പോഴെങ്കിലും അങ്ങേക്ക് അങ്ങയുടെ ദിവ്യശക്തി ഉപയോഗിച്ച് പകിടയെ ധർമ്മപുത്രർക്ക് അനുകൂലമായി മറിച്ചിടാമായിരുന്നു.

അങ്ങ് അതും ചെയ്തില്ല. പകരം, അങ്ങ് വീണ്ടും കാത്തിരുന്നു.

ഒടുവിൽ, രാജസഭയിൽ വച്ച് ദ്രൗപദിയുടെ അഭിമാനം നശിച്ചുപോകും എന്നഘട്ടം വന്നപ്പോൾ, ദ്രൗപദിക്കു വസ്ത്രം നൽകി അവളുടെ അഭിമാനം സംരക്ഷിച്ചു എന്ന അവകാശവാദമുന്നയിക്കാൻ മാത്രം, അങ്ങ് ഇടപെട്ടു.

അങ്ങേക്ക് എങ്ങനെ ദ്രൗപദിയുടെ അഭിമാനം സംരക്ഷിച്ചു എന്ന് അവകാശപ്പെടാനാകും? അവളെ ഒരു പുരുഷൻ രാജസഭയിലേക്കു വലിച്ചിഴച്ചു കൊണ്ടുവന്ന് അനേകം ആൾക്കാരുടെ മുന്നിൽ വച്ച് വിവസ്ത്രയാക്കാൻ ശ്രമിക്കുമ്പോൾ  ആ സ്ത്രീക്ക് എന്ത് അഭിമാനമാണ് ബാക്കിയുണ്ടാകുക?

അങ്ങ് എന്താണ് സംരക്ഷിച്ചത്?

അങ്ങ് ഒരാളെ ആപത്തിൽ നിന്ന് സംരക്ഷിക്കുമ്പോളല്ലേ, അങ്ങയെ ആപൽ ബാന്ധവൻ എന്ന് വിളിക്കേണ്ടത്?

ആപത്തുണ്ടായപ്പോൾ അങ്ങയുടെ സഹായം ലഭിച്ചില്ലെങ്കിൽ പിന്നെ എന്ത് പ്രയോജനം? ഇതാണോ അങ്ങ് അനുശാസിക്കുന്ന ധർമ്മം?"

കഠിനമായ ഈ ചോദ്യങ്ങൾ ശ്രീ കൃഷ്ണനോട് ചോദിക്കുമ്പോൾ  കൃഷ്ണന്റെ ഉത്തമഭക്തനായ  ഉദ്ധവരുടെ  കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

ഉദ്ധവരുടെ മനസ്സിൽ മാത്രമല്ല ഈ ചോദ്യങ്ങൾ ഉണ്ടായിട്ടുള്ളത്. മഹാഭാരത കഥ അറിയുന്ന എല്ലാവരുടേയും ഉള്ളിലുണ്ടായിട്ടുള്ളതാണ് ഈചോദ്യങ്ങൾ.

നമുക്കെല്ലാവർക്കും വേണ്ടിയാണ്  ഉദ്ധവർ ഈ ചോദ്യങ്ങൾ കൃഷ്ണനോട് ചോദിച്ചത്.
*************************
*മൂന്നാം ഭാഗം*
*************************

ഉദ്ധവരുടെ ഈ ചോദ്യങ്ങൾ കേട്ട് ഭഗവാൻ കൃഷ്ണൻ പുഞ്ചിരിച്ചു.

"പ്രിയമുള്ള ഉദ്ധവാ, വിവേകമുള്ളവർ (ബുദ്ധികൊണ്ട് വിവേചനം നടത്താൻ കഴിവുള്ളവർ) വിജയിക്കുമെന്നതാണ് ഈ ലോക നിയമം.

ചൂതുകളിയുടെ കാര്യത്തിൽ ദുര്യോധനൻ വിവേകം കാണിച്ചപ്പോൾ ധർമ്മപുത്രർ വിവേകമില്ലാത്ത പെരുമാറി. അങ്ങനെയാണ് ധർമ്മപുത്രർ ചൂതിൽ തോറ്റത്."

ഉദ്ധവർക്ക് കൃഷ്ണൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലായില്ല. ഉദ്ധവരുടെ ഭാവം കണ്ട് ശ്രീ കൃഷ്ണൻ ഇങ്ങനെ തുടർന്നു.

"ദുര്യോധനന്റെ കയ്യിൽ വാതുവയ്ക്കാൻ വേണ്ടുവോളം ധനവും, സ്വത്തുക്കളും ഉണ്ടായിരുന്നെങ്കിലും, ചൂതുകളിയിൽ ദുര്യോധനൻ സമർഥനായിരുന്നില്ല.

അതുകൊണ്ടു തന്നെ, ദുര്യോധനൻ, തന്റെ മാതുലനനും ചൂതിൽ വിരുതനുമായ ശകുനിയെ കളിക്കാനിരുത്തുകയും, വാതുവയ്ക്കാനുള്ള  ചുമതല സ്വയം ഏറ്റെടുക്കുകയും ചെയ്തു.

സ്വന്തം കഴിവും കഴിവുകേടും മനസിലാക്കുകയും അതനുസ്സരിച്ചു പ്രവർത്തിക്കുകയും ചെയ്യുക  - ഇതാണ് വിവേകം.

ഇപ്രകാരം തന്നെ യുധിഷ്ഠിരനും വിവേകപൂർവം ചിന്തിക്കാമായിരുന്നു. അയാൾക്ക്‌ പകരം അയാളുടെ മച്ചുനനായ ഞാൻ ശകുനിയോട് ചൂത്കളിക്കുമെന്ന് പറയാമായിരുന്നു.

ഉദ്ധവാ, ഞാനും ശകുനിയും നേരിട്ട് ചൂതുകളിച്ചിരുന്നെങ്കിൽ, ആര് ജയിക്കുമായിരുന്നു?

ഞാൻ പറയുന്ന സംഖ്യകൾ ശകുനിയുടെ പകിടയിൽ തെളിയുമോ, അതോ ശകുനി പറയുന്ന സംഖ്യകൾ ഞാൻ ഉരുട്ടുന്ന പകിടയിൽ തെളിയുമോ?

അതുപോട്ടെ, കള്ളനായ ശകുനിയോട്  ചൂതുകളിക്കാൻ എന്നെ ഇരുത്തണമെന്നു യുധിഷ്ഠിരൻ ചിന്തിച്ചില്ലായെന്ന കാര്യം ഞാൻ ക്ഷമിക്കാം. എന്നാൽ വിവേകശൂന്യനായിത്തീർന്ന യുധിഷ്ഠിരൻ മറ്റൊരു തെറ്റും കൂടി ചെയ്തു.

അയാൾ, ഞാൻ ചൂതുകളി നടക്കുന്ന സഭയിൽ കടന്നുവരരുതേ എന്ന്  പ്രാര്ഥിക്കുകകൂടി ചെയ്തു. അയാളുടെ ഭാഗ്യഹീനത കാരണമാണ് ചൂതുകളിയിൽ അടിക്കടി തോല്കുന്നതെന്നത് ഞാൻ അറിയരുതെന്ന് അയാൾ ആഗ്രഹിച്ചു.

യുധിഷ്ഠിരൻ സ്വന്തം പ്രാർത്ഥനകൊണ്ട് എന്നെ ആ സഭയുടെ കവാടത്തിനുവെളിയിൽ കെട്ടിയിട്ടു, അതുകാരണം സഭയ്ക്കുള്ളിൽ കടക്കുവാൻ എനിക്ക് കഴിയുമായിരുന്നില്ല.

ആരെങ്കിലും ഒരാൾ  ഞാൻ സഭയ്ക്കുള്ളിലേക്കു വരണമേ എന്ന്‌ പ്രാർത്ഥിക്കുമെന്ന്  പ്രതീക്ഷിച്ചു രാജസഭാ കവാടത്തിനു പുറത്തു ഞാൻ കാത്തുനിന്നു.

ഭീമനും, അർജുനനും, നകുലനും, സഹദേവനും എന്നെപ്പറ്റി മറന്നു. പകരം അവർ ദുര്യോധനനെ ശപിക്കുകയും സ്വന്തം ദൗർഭാഗ്യത്തെ പഴിക്കുകയും ചെയ്തുകൊണ്ടിരുന്നു.

പാണ്ഡവർ കളിയിൽ പൂർണമായി പരാജയപ്പെട്ട ശേഷം, ദുര്യോധനന്റെ ആജ്ഞ അനുസരിച്ചു ദുശ്ശാസനൻ ദ്രൗപദിയെ  മുടിയിൽ പിടിച്ചു വലിച്ചിഴച്ചപ്പോൾ പോലും അവൾ  എന്നെ വിളിച്ചില്ല.

ദുശ്ശാസനന്റെ പ്രവൃത്തിയുടെ ന്യായാന്യായങ്ങൾ സഭയിലുള്ളവരോട് സ്വയം വാദിച്ചു ജയിക്കാനാണ് അവൾ ശ്രമിച്ചത് . അപ്പോഴും അവൾ എന്നെ വിളിച്ചതേയില്ല.

അവസാനം ദുശ്ശാസനൻ അവളെ വിവസ്ത്രയാക്കാൻ ശ്രമിച്ചുതുടങ്ങിയപ്പോൾ മാത്രമാണ് അവൾക്കു ബുദ്ധിയുദിച്ചത്. അവൾ സ്വന്തം കഴിവിലുള്ള അമിത വിശ്വാസം ഉപേക്ഷിച്ചു - _കൃഷ്ണാ, കൃഷ്ണാ അഭയം തരണേ_  എന്ന് ഉറക്കെ എന്നെ വിളിച്ചു പ്രാർത്ഥിച്ചു.

അതുവരെ സഭയിൽ കടക്കരുതേ എന്ന പ്രാർത്ഥനയാൽ തളച്ചു കിടക്കപ്പെട്ടിരുന്ന എനിക്ക് അപ്പോഴേ സഭയിൽ പ്രവേശിക്കാനും ദ്രൗപദിയുടെ അഭിമാനം രക്ഷിക്കാനും ഉള്ള അവസരം കിട്ടിയുള്ളൂ.

എന്നെ വിളിച്ച ഉടനെ ഞാൻ സഭയിൽ എത്തി, ദ്രൗപദിയുടെ അഭിമാനം സംരക്ഷിച്ചു.

ഇതിൽ കൂടുതൽ എനിക്ക് എന്ത് ചെയ്യാൻ കഴിയും? ഇവിടെ ഞാൻ എന്ത് തെറ്റാണ് ചെയ്തത്?"

കൃഷ്ണൻ  ഈ ചോദ്യത്തിൽ തന്റെ മറുപടി അവസാനിപ്പിച്ചു.

*************************
*നാലാം ഭാഗം*
*************************

"നല്ല വിശദീകരണം കണ്ണാ. എനിക്ക് ഇപ്പോൾ കൂടുതൽ മനസ്സിലായി. എങ്കിലും എന്റെ സംശയങ്ങൾ പൂർണ്ണമായി തീർന്നില്ല. ഞാൻ മറ്റൊന്ന് കൂടി ചോദിക്കട്ടെ?" ഉദ്ധവർ ചോദിച്ചു.

ആവട്ടെ എന്ന് കൃഷ്ണൻ സമ്മതവും നൽകി.

"ഇപ്പോൾ പറഞ്ഞത് ശരിയാണെങ്കിൽ, അങ്ങയെ വിളിച്ചാൽ മാത്രമേ അങ്ങ് വരികയുള്ളു എന്നാണോ അങ്ങ് പറഞ്ഞതിന്റെ അർഥം?

ആപത്തിൽ പെടുന്നവരെ രക്ഷിക്കാനും ധർമ്മം സംരക്ഷിക്കുവാനുമായി വിളിക്കാതെതന്നെ അങ്ങ് വരികയില്ലേ?"  ഉദ്ധവർ ചോദിച്ചു.

ശ്രീ കൃഷ്ണൻ പുഞ്ചിരിച്ചുകൊണ്ട്  ഇപ്രകാരം പറഞ്ഞു.

“ഉദ്ധവാ, ഈ ലോകത്തിൽ എല്ലാവരുടെയും ജീവിതം അവരവരുടെ കർമ്മത്തെ ആശ്രയിച്ചാണ് നടക്കുന്നത്.

ഓരോരുത്തരുടെയും കർമ്മം ഞാനല്ല നിശ്ചയിക്കുന്നത്. ഒരാളുടെയും  കർമ്മത്തിൽ ഞാൻ ഇടപെടാറുമില്ല.

ഞാൻ വെറും _സാക്ഷി_ മാത്രം. ഞാൻ നിന്നോടൊപ്പം അടുത്തു നിന്നുകൊണ്ട് എന്തൊക്കെ നടക്കുന്നുവോ  അവയൊക്കെ നിരീക്ഷിക്കുന്നു. അതാണ് എന്റെ ധർമ്മം."

ഇതു കേട്ട് ഉദ്ധവർ ഇങ്ങനെ പറഞ്ഞു.

"ശരി കൃഷ്ണാ, കൊള്ളാം.
അങ്ങനെയാണെങ്കിൽ, അങ്ങ് ഞങ്ങളോടൊപ്പം നിന്നുകൊണ്ട് ഞങ്ങൾ ചെയ്യുന്ന എല്ലാ പാപ കർമങ്ങളും നിരീക്ഷിക്കുന്നു; ഞങ്ങൾ കൂടുതൽ കൂടുതൽ പാപങ്ങൾ ചെയ്യുമ്പോൾ അങ്ങ് ഞങ്ങളെ നിരീക്ഷിച്ചുകൊണ്ടേയിരിക്കുന്നു.

അങ്ങനെ ഞങ്ങളെ കൊണ്ട് കൂടുതൽ തിന്മകൾ ചെയ്യിച്ച്‌, ഞങ്ങൾ കൂടുതൽ പാപഭാരം ഏറ്റി കഷ്ടത അനുഭവിക്കട്ടെ എന്നാണോ അങ്ങ് ആഗ്രഹിക്കുന്നത്?"

ഇതു കേട്ട് ശ്രീ കൃഷ്ണൻ ഇങ്ങനെ പറഞ്ഞു.

"ഉദ്ധവാ, അങ്ങയുടെ വാക്കുകളിൽ അടങ്ങിയിട്ടുള്ള, ആഴത്തിലുള്ള അർത്ഥം മനസ്സിലാക്കൂ.

ഞാൻ എപ്പോഴും സർവം സാക്ഷിയായി തന്റെ കൂടെയുണ്ട് എന്ന് ഓരോനിമിഷവും അറിയുകയും പൂർണമായി ഉൾക്കൊള്ളുകയും ചെയ്യുന്ന ഒരാളിന് എങ്ങനെ തെറ്റുകളോ തിന്മയോ ചെയ്യാൻ കഴിയും? അങ്ങനെയുള്ള ഒരാളിന് ഒരിക്കലും അധർമ്മം ചെയ്യുവാൻ കഴിയുകയില്ല.

എന്നാൽ പലരും ഈ പരമാർത്ഥം മറക്കുകയും, എന്റെ അറിവില്ലാതെ അവർക്കു സ്വയം കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് വിചാരിക്കുകയും ചെയ്യുന്നു.

അങ്ങനെ ചിന്തിക്കുമ്പോഴാണ് വിവേകശൂന്യതയും തെറ്റുകളും തിന്മയും സംഭവിക്കുന്നത്.

ഞാൻ അറിയാതെ ചൂതുകളിക്കാൻ  കഴിയും എന്ന് വിചാരിച്ചതാണ് യുധിഷ്ഠിരൻറെ ബുദ്ധിശൂന്യത.

ഞാൻ എല്ലാവരോടൊപ്പവും _സാക്ഷി_ യായി എപ്പോഴും ഉണ്ടാവും എന്ന് ധർമ്മപുത്രർ അറിഞ്ഞിരുന്നുവെങ്കിൽ ചൂതുകളിയുടെ ഫലം വേറൊന്നാവുമായിരുന്നില്ലേ?"

കൃഷ്ണന്റെ മാസ്മരികമായ ഈ വിശദീകരണം കേട്ടു വാക്കുകൾ കിട്ടാതെ ഭക്തിയിൽ മുഴുകി ഉദ്ധവർ നിന്നുപോയി.

അവസാനം, ഉദ്ധവർ പറഞ്ഞു "കേശവാ, എന്തൊരു ആഴമുള്ള തത്വം, എന്തൊരു വലിയ സത്യം."

*************************
*അഞ്ചാം  ഭാഗം*
     - വിശദീകരണം
*************************

പൂജ നടത്തുന്നതും, പ്രാത്ഥിക്കുന്നതും, സഹായത്തിനായി ഈശ്വരനെ വിളിക്കുന്നതും എല്ലാം നമ്മുടെ വിശ്വാസമാണ്.

ഈ പ്രപഞ്ചത്തിൽ യാതൊന്നും പ്രപഞ്ച സൃഷ്ടാവിന്റെ അറിവോടെയല്ലാതെ ഒരു തലനാരിഴ പോലും നീങ്ങുകയില്ല എന്ന് നമ്മൾ പരിപൂർണമായി ഉൾകൊണ്ടുകഴിഞ്ഞാൽ പിന്നെ ആ സൃഷ്ടാവിന്റെ സാന്നിദ്ധ്യo എന്തിലും നമുക്ക് കാണാതിരിക്കാൻ പറ്റുമോ?

ഇതു മറന്നിട്ട് നമുക്ക് എങ്ങനെ പ്രവർത്തിക്കാൻ കഴിയും?

ഈ സന്ദേശം തന്നെയാണ് ശ്രീ കൃഷ്ണൻ ഭഗവത്‍ഗീതയിലൂടെയും അര്ജുനന് പകർന്നു കൊടുത്തത്.

കുരുക്ഷേത്രത്തിൽ ശ്രീ കൃഷ്ണൻ അർജുനന്റെ ഉപദേഷ്ടാവും, തേരാളിയുമായിരുന്നു. എന്നാൽ അദ്ദേഹം ഒരിക്കലും അർജുനനുവേണ്ടി യുദ്ധത്തിൽ ആയുധമേറ്റിയില്ല.

ഇതിൽ നിന്നും നമ്മൾ അറിയേണ്ടത്, പരമമായ ആ ശക്തി, അല്ലെങ്കിൽ ആ സർവം സാക്ഷി നമ്മോടോപ്പം എപ്പോഴും ഉണ്ട് എന്നതാണ്. നമ്മൾ നമ്മുടെ അഹംബോധം വെടിഞ്ഞു ആ പരമബോധത്തിൽ ലയിച്ചാൽ മതി.

അങ്ങനെ നമ്മൾ നമ്മുടെ പരമമായ സ്വത്വം തിരിച്ചറിയുക  - ആ കറയില്ലാത്ത സ്നേഹവും ആ പരമമായ ആനന്ദവും.

ഈശ്വരൻ നമ്മുടെ ഉള്ളിൽ എല്ലായിപ്പോഴും ഉണ്ടെന്നറിയുക - നമ്മൾ നന്മചെയ്യുമ്പോഴും, തിന്മചെയ്യുമ്പോഴും.

*സാരാംശം:*
ഒരു കാരണവശാലും ഞാൻ ചെയ്യുന്നതാണ് ശരി എന്ന തോന്നലുകൾ ഉണ്ടാകരുത്. സ്വന്തം കഴിവുകളിൽ അഭിമാനിക്കുമ്പോഴും മറ്റുള്ളവരുടെ കഴിവ് അവഗണിക്കരുത്. ശരിയെന്ന് തോന്നി ചെയ്യുന്ന കാര്യങ്ങൾ പരാജയപ്പെട്ടാൽ യാതൊരു മടിയും കൂടാതെ അത് തിരുത്തപ്പെടണം. നാം 'കർമ്മസാക്ഷി' ആകരുത്. കർമ്മം ചെയ്യാൻ പ്രാപ്തിയുള്ളവരെ അവ ഏൽപ്പിച്ചു മുന്നോട്ട് നയിക്കണം. തെറ്റും കുറ്റവും ഇല്ലാത്തവരായി ആരുമില്ല. ഏതിനെയും തെറ്റായ വശം  മാത്രം കാണാതെ, അതിലെ ശരിയുടെ അംശം കണ്ടെത്തുക......
അതിനെ നേർ വഴിക്ക്‌ നയിക്കുക. ആരും ആർക്കും പകരമാകില്ല..
ഈ കാര്യങ്ങൾ മനസ്സിരുത്തി പ്രവർത്തിച്ചാൽ ഒരു ഗൃഹനാഥന്, ഒരു സാമൂഹിക പ്രവർത്തകന്, ഒരു ഭരണാധികാരിക്ക് വിജയം സുനിശ്ചിതമാണ്...

കര്‍മ്മയോഗം

🙏🏼🌹🙏🏼 *കര്‍മ്മയോഗം*🙏🏼🌹🙏🏼
യഥാര്‍ത്ഥ കര്‍മയോഗികള്‍ ഭഗവദ്ഭക്തരാണ്‌. പൂര്‍ണത നേടിയവരാകയാല്‍ അവര്‍ക്ക്‌ ആരാധനയോ നേട്ടങ്ങളോ ഉത്കര്‍ഷങ്ങളോ ആവശ്യമില്ല. അവരുടെ പരിപൂര്‍ണാവസ്ഥയില്‍ എല്ലാവിധ ജ്ഞാനവും യോഗസിദ്ധിയും സ്വയമേവ അവരെ അലങ്കരിച്ചിരിക്കും. ആഗ്രഹിക്കാവുന്നതൊക്കെ അവര്‍ക്കു കിട്ടുന്നതിനാല്‍ അതിലപ്പുറം അവര്‍ക്കെന്തു വേണം? പതഞ്ജലിയുടെ അഷ്ടാംഗ ധ്യാനമാര്‍ഗം അനുസരിക്കുന്നതിനാല്‍ ധ്യാനനിപുണരായ യോഗികള്‍ ക്രമേണ സമാധിയില്‍ അഥവാ പരമാത്മാവില്‍ മുഴുകുന്ന അവസ്ഥയില്‍ സ്വയം എത്തുന്നു. പൂര്‍ണതയിലെത്താനുള്ള ആഗ്രഹംമൂലം അവര്‍ എല്ലാവിധ ദുഃഖസ്ഥിതിയും കഷ്ടപ്പാടും സഹിച്ച്‌ ലക്ഷ്യത്തില്‍ ത്തന്നെ ഉറച്ചുനില്‍ക്കുന്നു. അവസാനം ഈ ഭൗതിക ലോകത്തിലെ ഒന്നിനോടും സാമ്യമില്ലാത്ത ഒരവബോധത്തില്‍ അവരെത്തിച്ചേരുന്നു. ഈ യോഗപൂര്‍ണതയില്‍ ഒരു കഷ്ടപ്പാടും ഭീഷണിയായി അവര്‍ക്കു തോന്നുന്നില്ല. ഇത്തരം യോഗികളെക്കുറിച്ച്‌ ഭഗവാന്‍ കൃഷ്ണന്‍ ഭഗവദ്ഗീതയില്‍ രേഖപ്പെടുത്തുന്നുണ്ട്‌. ഈ സ്ഥിതിയില്‍ ഒരു വ്യക്തി ഒരിക്കലും സത്യത്തില്‍ നിന്നു വ്യതി ചലിക്കുന്നില്ല. ഈ അവസ്ഥ പ്രാപിക്കുന്നതോടെ ഇതിനേക്കാള്‍ വലിയ ഒരു നേട്ടമില്ലെന്ന്‌ അവന്‍ കരുതുന്നു. ഇങ്ങനെ ഒരവസ്ഥയിലെത്തുമ്പോള്‍ ഏറ്റവും വലിയ വിഷമസ്ഥിതിയില്‍പ്പോലും ഒരുവന്‍ ചഞ്ചലപ്പെടുന്നില്ല. ഭോഗാസക്തമായ ലോകത്തില്‍ വിരക്തിയുണ്ടായി സമാധിസ്ഥിതനാകുന്നവന്‍, അതായത്‌ പരമസത്യത്തില്‍ നിമഗ്നനാകുന്നവന്‍ ആത്മീയസ്വത്വത്തെക്കുറിച്ച്‌ ബോധവാനാവുകയും, അവന്‌ പരമാനന്ദലബ്ദി ഉണ്ടാവുകയും ചെയ്യുമെന്ന്‌ ഈ ശ്ലോകത്തിന്റെ ഭാവാര്‍ത്ഥത്തില്‍ ശ്രീല ഭക്തിവിനോദ്‌ ഠാക്കൂര്‍ പറയുന്നു. ഇത്തരത്തിലുള്ള യോഗി തന്റെ ശ്രദ്ധയെ ധ്യാനലക്ഷ്യമായ പരമസത്യത്തില്‍ നിന്ന്‌ ഒരിക്കലും വ്യതിചലിപ്പിക്കില്ല. തന്റെ പരിശീലനകാലത്ത്‌ യോഗി നേടുന്ന അണിമാദി യോഗസിദ്ധികള്‍ അയാളുടെ യോഗസാധനകളുടെ ഉപോത്പന്നങ്ങള്‍ മാത്രമാണ്‌. സമാധിയില്‍ ഈ സിദ്ധികളെല്ലാം അപ്രധാനമായി യോഗികള്‍ കരുതുന്നു. പലയോഗികളും ഈ സിദ്ധികളില്‍ ചിലതൊക്കെ നേടിക്കഴിയുന്നതോടെ എല്ലാം നേടിയതായി ഭാവിക്കുകയും അസ്വസ്ഥമായ മാനസികാവസ്ഥമൂലം സ്ഥിരസമാധിയില്‍ നിന്നു വ്യതിചലിക്കുകയും ചെയ്യുന്നു. നേരെമറിച്ച്‌ ഭാവദ്ഭക്തനായ കര്‍മയോഗി ഇത്തരത്തിലായിത്തീരാനുള്ള സാധ്യത തീരെയില്ല. കൃഷ്ണന്റെ ആനന്ദത്തിനുവേണ്ടി സദാ പ്രവര്‍ത്തിക്കുന്നതിനാല്‍ അയാളുടെ ഹൃദയവും ശ്രദ്ധയും ലക്ഷ്യത്തില്‍ തന്നെ കേന്ദ്രീകൃതമാകുന്നു. അയാള്‍ എപ്പോഴും യോഗിയുടെ അത്യന്തികലക്ഷ്യമായ സമാധിയിലായിരിക്കും നിലകൊള്ളുന്നത്‌. ഭഗവാനുവേണ്ടിയുള്ള ഭക്തിയുതസേചനത്തില്‍, ഭക്തന്‍ നിത്യനുതനമായ വികാരങ്ങള്‍ അനുഭവിക്കുന്നു. അതുമല്ല, അയാളുടെ പൂര്‍ണത പാകമാകുമ്പോള്‍ അയാളനുഭവിക്കുന്ന അതീന്ദ്രിയാനന്ദം വര്‍ണനാതീതമാണ്‌. ഐഹികരായ ലൗകികര്‍ക്ക്‌ അത്‌ മനസ്സിലാക്കാന്‍ സാദ്ധ്യമല്ലതാനും. കര്‍മയോഗത്തെക്കുറിച്ച്‌ എന്തുപറയാന്‍? ഒരു ജന്മംകൊണ്ട്‌ ആത്യന്തിക ലക്ഷ്യത്തിലെത്താന്‍ കഴിഞ്ഞില്ലെങ്കിലും അഷ്ടാംഗ യോഗമാര്‍ഗ്ഗത്തില്‍ സമാധി ലക്ഷ്യമാക്കി ഒരു യോഗി നേടുന്ന നിസ്സാരമായ കാര്യംപോലും വെറുതെയാകുന്നില്ല. അയാളുടെ അടുത്ത ജന്മത്തില്‍ ഈ പുരോഗതി തുടര്‍ന്നുകൊണ്ടേയിരിക്കും. നേരെമറിച്ച്‌, കര്‍മിയുടെ കാര്യത്തില്‍ അയാള്‍ നേടുന്ന ധനവും വിദ്യാഭ്യാസവും അവ നേടാന്‍ നടത്തിയ ശ്രമങ്ങളും വ്യര്‍ത്ഥമായിത്തീരുന്നു. കര്‍മയോഗിയുടെ അഥവാ ഭക്തന്റെ കാര്യത്തില്‍ അയാളുടെ ഭക്തിയുതസേവനം ശരീരത്തിനും മനസ്സിനും അതീതമാണ്‌. അതെല്ലാം ആത്മാവും പരമാത്മാവുമായി ബന്ധപ്പെട്ടതാണ്‌. അതിനാല്‍ അതെല്ലാം അയാളുടെ ശാശ്വതമായ ആത്മാവിന്റെ സമ്പത്തായി മാറുന്നു. ശരീരം നശിക്കുന്നതോടെ ആത്മാവ്‌ നശിക്കുന്നില്ല. അതുപോലെതന്നെ ഭക്തിയുതസേവനത്തിന്റെ ഈ സമ്പാദ്യത്തിന്‌ ഒരിക്കലും വിലയിടിയുന്നില്ല. ഇപ്രകാരം കര്‍മയോഗി സ്വന്തം ആത്മാവിന്റെ ഉന്നതിക്കുവേണ്ടി സദാ പ്രവര്‍ത്തിക്കുന്നുവെന്നും അയാളുടെ പരിശ്രമവും അതിന്റെ ഫലങ്ങളും ഈ ജന്മത്തിലും അടുത്ത ജന്മത്തിലും ശാശ്വതമായി ആദ്ധ്യാത്മമികധനമായി നിലനില്‍ക്കുമെന്നും ഭഗവദ്ഗീത പ്രസ്താവിക്കുന്നു. ഈ ആദ്ധ്യാത്മികമായ ആസ്തികള്‍ ഒരിക്കലും നശിപ്പിക്കപ്പെടുന്നില്ല. ഭഗവദ്ഗീതയില്‍ കൃഷ്ണന്‍ പറഞ്ഞു. "അല്ലയോ പാര്‍ത്ഥാ, പുണ്യകര്‍മങ്ങളിലേര്‍പ്പെട്ടിരിക്കുന്ന അതീന്ദ്രിയവാദിക്ക്‌ ഈ ലോകത്തോ ആത്മീയലോകത്തോ നാശമുണ്ടാകില്ല. നന്മചെയ്യുന്നവനെ തിന്മയ്ക്കൊരിക്കലും കീഴ്പ്പെടുത്താനാവില്ല.


ഗന്ധാരി, കൃഷ്ണനോട്

ഒരിക്കൽ ഗന്ധാരി, കൃഷ്ണനോട് പറഞ്ഞു.
കൃഷ്ണാ, പാണ്ഡവർ യുദ്ധം ജയിച്ചതിനും എന്റെ മക്കളെല്ലാം വധിക്കപ്പെട്ടതിനും  കാരണം നീയാണ്.”

ശ്രീകൃഷ്ണൻ പറഞ്ഞു..
 “ഞാൻ ആരെയും രക്ഷിക്കയോ, ശിക്ഷിക്കയോ ചെയ്തിട്ടില്ല. അവരവരു ചെയ്യുന്ന പ്രവൃത്തിയുടെ ഫലം അവരവർ അനുഭവിക്കുന്നു; അത്ര മാത്രം.

ഒരു അമ്മ എന്ന നിലയിൽ നിങ്ങൾ മക്കളെ ശാസിച്ചിട്ടുണ്ടോ..?

 അന്ധനായ ഭർത്താവിന്റെ കണ്ണുകളാവേണ്ടതിനു പകരം, നിങ്ങൾ ക്ഷണിച്ചു വരുത്തിയ അന്ധതയുമായി കാലം പാഴാക്കി. കണ്ണും മൂടിക്കെട്ടി ഇങ്ങനെ ഇരുന്നാൽ, ഇതുതന്നെ ഫലം.
കുന്തിദേവിയെ നോക്കൂ, ഭർത്താവ് മരിച്ചിട്ടും പുത്രന്മാരുടെ കൂടെ അവർ സദാ ഉണ്ടായിരുന്നു. അവരുടെ സുഖത്തിലും, ദുഖത്തിലും കുന്തി പിന്തിരിഞ്ഞില്ല. അമ്മയുടെ സാമീപ്യം പാണ്ഡവരെ ധർമ്മ ബോധമുള്ളവരാക്കി.

അങ്ങനെയുള്ള ഒരു പരിചരണം, ശ്രദ്ധ, നിങ്ങളുടെ മക്കൾക്ക് അമ്മയിൽ നിന്നു ഒരിക്കലും ലഭിച്ചില്ല; അതുകൊണ്ടു തന്നെ അവർക്കു വഴിതെറ്റി.”

അമ്മയുടെ സ്നേഹവും ശാസനയും മക്കളുടെ ശരിയായ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തിൽ, പല കുഞ്ഞുങ്ങൾക്കും ഇത് നിഷേധിക്കപ്പെടുന്നു.

പുരാണകഥകളും കുടുംബബന്ധങ്ങളുടെയും ആചാരമര്യാദകളുടെയും കഥകൾ പറഞ്ഞുകൊടുക്കേണ്ട മുത്തശ്ശിയും മുത്തച്ഛനും വൃദ്ധസദനങ്ങളിലാണ്. മുത്തശ്ശിക്കഥകൾ കേട്ടുറങ്ങേണ്ട കുഞ്ഞുങ്ങൾ ടീവി സീരിയലുകൾ കണ്ടുറങ്ങുന്നു. അണുകുടുംബങ്ങളിലെ അച്ഛനുമമ്മയും വീട്ടിൽ മക്കൾക്ക് ഇന്റർനെറ്റ് സംവിധാനങ്ങൾ ഒരുക്കികൊടുത്തിട്ടു, ജോലികഴിഞ്ഞെത്തുമ്പോഴേക്കും രാത്രിയാകും... സന്ധ്യവിളക്കുകൾ കത്താറേയില്ല.സന്ധ്യപ്രാർത്ഥന നടത്താറില്ല ....
നമ്മുടെ പെൺകുഞ്ഞുങ്ങൾക്ക് കെണിയൊരുക്കി കാത്തിരിക്കുന്നവരെക്കുറിച്ചു നമ്മൾ അറിയുന്നില്ല...അറിയുന്നത് കെണിയിൽ വീണുകഴിഞ്ഞു മാത്രം.....

*അമ്മമാർ കണ്ണുമൂടി കെട്ടിയ ഗാന്ധാരി അല്ല...കണ്ണു തുറന്നിരുന്ന കുന്തി ആകുക....!!*

പഞ്ചമഹായജ്ഞങ്ങൾ

*ഗൃഹസ്ഥാശ്രമികൾ നിത്യവും നടത്തേണ്ട പഞ്ചമഹായജ്ഞങ്ങൾ*

1) ബ്രഹ്മ യജ്ഞം
2) ദേവ യജ്ഞം
3) പിതൃ യജ്ഞം
4) ഭൂത യജ്ഞം
5) അതിഥി യജ്ഞം

1)ബ്രഹ്മ യജ്ഞം - ഈശ്വര പ്രാർത്ഥനയും സ്വാധ്യായവും (ധർമ്മ ഗ്രന്ഥങ്ങൾ മനസ്സിരുത്തി വായിക്കുന്നത് )


2)- ദേവ യജ്ഞം - അന്തരീക്ഷശുദ്ധി, മന:ശുദ്ധി, ദുർഗന്ധനിവാരണം ,കൃമി കീടങ്ങളെ ഇല്ലാതാക്കൽ എന്നിവയ്ക്കു വേണ്ടി നടത്തുന്ന ഹോമങ്ങൾ

3) - പിതൃ യജ്ഞം - മാതാപിതാക്കൾ, ഗുരുക്കന്മാർ, മുതലായ പൂജനീയരെ ശ്രദ്ധയോടെ പരിചരിക്കുന്നത് പിതൃ യജ്ഞം. അഞ്ച് തരം പിതൃക്കൾ ഉണ്ടെന്നാണ് ആചാര്യ മതം.മാതാപിതാക്കൾ, പ്രധാനഗുരു, അദ്ധ്യാപകർ, ഭക്ഷണം തരുന്നയാൾ, ഭയത്തിൽ നിന്നും രക്ഷിക്കുന്നവർ '


4) - ഭൂത യജ്ഞം - ഉറുമ്പ്, കാക്ക, മുതലായജീവികൾ നമ്മെ സഹായിക്കുന്നവയാണ്. അവ പരിസരം ശുദ്ധമാക്കുന്നു, അഴുക്കുകൾ തിന്നു തീർക്കുന്നു..... അങ്ങിനെ അതുകൊണ്ട് അവയ്ക്കും സ്വല്പം ആഹാരം നാം നൽകണം.


5) അതിഥി യജ്ഞം - മുൻകൂട്ടി അറിയിക്കാതെ (തിഥിയില്ലാതെ ) വന്നു ചേരുന്ന വിദ്വാന്മാരും ധർമ്മിഷ്ഠരുമായ സത്യോപദേശികളാണ് അതിഥി. . അവരെ ആദരിച്ച് സത്കരിക്കണം.
വിശേഷം - നാം കൊടുക്കുന്ന ആഹാരവും സൽക്കാരവും സ്വീകരിച്ച്, അയൽപക്കത്തുള്ളവരുടെയും, ബന്ധുമിത്രാ ദികളുടെയും, നുണകൾ പറഞ്ഞ് ഏഷണി ഉണ്ടാക്കി കുംടുംബഭദ്രത തകർക്കുന്നവരെയല്ല നാം അഥിതിയായി സ്വീകരിക്കേണ്ടതെന്ന് പ്രത്യേകം ഓർക്കുക.)ഈ അഞ്ചുമാണ് ഗൃഹസ്ഥന്റ പഞ്ചമഹായജ്ഞങ്ങൾ

കൃഷ്ണ കൃഷ്ണ

പണ്ട്  ഒരു ഗ്രാമത്തില്‍ പാവപ്പെട്ടൊരു  കര്‍ഷകന്‍ ഉണ്ടായിരുന്നു.  പാടത്തു കൃഷി ചെയ്തു ഉപജീവനം ചെയ്തു വന്ന അയാൾ ഒരിക്കൽ ധാന്യം വില്ക്കാനായി പോയപ്പോള്‍   ആരോ പറഞ്ഞു 'കൃഷ്ണ കൃഷ്ണ' എന്നു പറയുന്നത് കേട്ട് അയാളും അതുപോലെ 'കൃഷ്ണ കൃഷ്ണ' എന്നുപറഞ്ഞു.  അതിനുശേഷം പ്രത്യേകിച്ച് ഒരു ഇഷ്ടമോ ഭക്തിയോ ഒന്നും ഇല്ലാതെ തന്നെ അയാള്‍ ഇടയ്ക്ക് "കൃഷ്ണ കൃഷ്ണ" എന്നു  ജപിക്കും. കൃഷ്ണ നാമം ജപിക്കുമ്പോൾ എന്തോ ഒരു സുഖം. ജോലിഭാരം അറിയുന്നില്ല. കുറച്ചു നാൾ കഴിഞ്ഞപ്പോൾ ആ നാട്ടില്‍ ക്ഷാമം വന്നു. നാട് മുഴുവനും പട്ടിണിയും പരിവട്ടവുമായി.  അയാള്‍ക്കും കൃഷിയിൽ നഷ്ടം വന്നു. വിളവൊന്നും ശരിയാകുന്നില്ല.  അടുത്ത ഗ്രാമത്തിൽ ഒരു ജോത്സ്യനുണ്ടെന്ന്  അയാൾ കേട്ടിരുന്നു.  അയാള്‍ അദ്ദേഹത്തെ ചെന്നു കാണാന്‍ തീരുമാനിച്ചു. അദ്ദേഹം എന്തെങ്കിലും പരിഹാരം പറഞ്ഞു തരും. പലരും അദ്ദേഹത്തിന്റെ അടുത്ത് പോയി പ്രശ്നം വെച്ചു പരിഹാരം ചെയ്തു അവരുടെ അവരുടെ വിഷമതകള്‍ മാറി എന്നു പറഞ്ഞു കേൾക്കുന്നുണ്ട് . തനിക്കും എന്തെങ്കിലും പരിഹാരം ചെയ്തു രക്ഷപ്പെടാന്‍ സാധിക്കുമോ എന്നറിയാമല്ലോ. കര്‍ഷകന്‍ ജ്യോത്സരെ കാണാന്‍ പോയി. അദ്ദേഹത്തിനോട് അയാള്‍ വിവരം പറഞ്ഞു ജാതകം കാണിച്ചിട്ട് ഗ്രഹ നില നോക്കി സമയദോഷമുണ്ടോ എന്ന് പറയാന്‍ പറഞ്ഞു. ജ്യോത്സ്യര്‍ ജാതകം നോക്കിയതിനുശേഷം  കവിടി നിരത്തി നോക്കി. പന്നീട് ഒന്നും പറയാതെ ആ ജാതകം തിരിച്ചു നല്കി. അയാളോട് ഒരു ആഴ്ച കഴിഞ്ഞു വരൂ അപ്പോള്‍ വിശദമായി പറഞ്ഞു തരാം. ഇപ്പോള്‍ എനിക്കു കുറച്ചു തിരക്കുണ്ടെന്നു പറഞ്ഞു.  കര്‍ഷകന്‍ അടുത്ത ആഴ്ച്ച വരാമെന്ന് പറഞ്ഞ് മടങ്ങിപ്പോന്നു. ഒരാഴ്ച കഴിഞ്ഞപ്പോൾ അയാള്‍  ജ്യോത്സന്റെ അടുക്കല്‍ ജാതകവുമായി എത്തി.  കര്‍ഷകനെ കണ്ട ജ്യോത്സ്യര്‍ വളരെ അത്ഭുതപ്പെട്ടു. അയാളെ തന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ട് തന്റെ പീഠത്തിൽ നിന്നും എഴുന്നേററു. അയാള്‍ പുഞ്ചിരിച്ചു.  ജ്യോത്സ്യന്‍ പകച്ചു നില്ക്കുന്നത് കണ്ട്  അയാള്‍ അദ്ദേഹത്തോട് ചോദിച്ചു
"അങ്ങയ്ക്ക് എന്നെ മനസ്സിലായില്ലേ? ഞാന്‍ കഴിഞ്ഞ ആഴ്ച വന്നിരുന്നു. എന്റെ ജാതകം നോക്കി സമയദോഷം എന്താണ് എന്നറിയുവാനായി. തിരക്കിലാണ്  ഒരാഴ്ച കഴിഞ്ഞു വരൂ എന്ന് അങ്ങ് പറഞ്ഞിരുന്നു. എന്താ മറന്നുപോയോ?"
ജ്യോത്സ്യര്‍ അത്യത്ഭുതത്തോടെ പറഞ്ഞു. "എനിക്കു നല്ല ഓര്‍മ്മയുണ്ട്. ഞാൻ നിങ്ങളെ മറന്നീട്ടുവേണ്ടേ ഓർക്കാൻ? പക്ഷെ നിങ്ങള്‍ ഇപ്പോള്‍ എങ്ങനെ ഇവിടെ എത്തി എന്നറിയാൻ എനിക്ക് ആകാംഷയുണ്ട്."
കർഷകൻ ആശ്ചര്യത്തോടെ ചോദിച്ചു. 
"എന്താ സ്വാമി അങ്ങ് ആകെ പരിഭ്രമിച്ച മട്ടുണ്ടല്ലോ. എന്ത് കൊണ്ടാണ്  അങ്ങ് ഇങ്ങനെയെല്ലാം ചോദിക്കുന്നത്?"
ജ്യോത്സ്യര്‍ പറഞ്ഞു  "നിങ്ങള്‍ കഴിഞ്ഞ ആഴ്ച്ച ഇവിടെ വന്ന് പോയ ശേഷം നിങ്ങള്‍ക്ക് ഉണ്ടായ അനുഭവങ്ങള്‍ ഒന്നും വിടാതെ പറയൂ. അതിനുശേഷം നിങ്ങള്‍ ചോദിച്ചതിന് ഞാൻ മറുപടി പറയാം"
  ഒന്നും മനസ്സിലാകാതെ അത്യാശ്ചര്യത്തോടെ കർഷകൻ പറഞ്ഞു.
"അന്നു ഇവിടെ നിന്നും ഞാന്‍ വീട്ടിലേക്കു നടന്നു. ഈ രണ്ടു ഗ്രാമങ്ങള്‍ക്കുമിടയിലുള്ള ആ കാട്ടു വഴിയില്‍ എത്തിയപ്പോള്‍  പെട്ടെന്നു മഴ വരുന്നത് പോലെ ആകാശം ഇരുണ്ടു കൂടി വന്നു. അതി ശക്തമായ മഴപെയ്യുമെന്നു തോന്നി. നനയാതിരിക്കുവാൻ  എവിടെയെങ്കിലും തങ്ങാൻ ഇടം നോക്കി. അല്പം ദൂരെ ഒരു പഴയ മണ്ഡപം കണ്ണില്‍ പെട്ടു. ഞാൻ വേഗം അവിടെ  നില്‍ക്കാം എന്നു കരുതി അങ്ങോട്ട്‌ പോയി. ഒട്ടും മനുഷ്യവാസമുള്ള ലക്ഷണം കണ്ടില്ല. അതിനകത്തു കടന്നപ്പോൾ അതു ഒരു പൊളിഞ്ഞ ക്ഷേത്രമാണ് എന്നു മനസ്സിലായി. എല്ലാം ഇടിഞ്ഞു വിഴാറായിട്ടുണ്ട്. അവിടുത്തെ ശ്രീകോവിലിനകത്ത് ഒരു പൊട്ടിയ വിഗ്രഹം കണ്ടു.
കോവിൽചുവരിന്മേൽ ശ്രീകൃഷ്ണൻ എന്ന് എഴുതിക്കണ്ടതിനാൽ അതാണ് കൃഷ്ണ വിഗ്രഹം എന്നു മനസ്സിലാക്കി. കുറച്ചു നാളായി എനിക്ക് "കൃഷ്ണ കൃഷ്ണ" എന്ന് സദാ ഉരുവിടുന്ന ഒരു ശീലം ഉണ്ടയിരുന്നു. അതിനാലാവാം ആവിഗ്രഹത്തിൽ കൌതുകം തോന്നി. വളരെക്കാലമായി അവിടെ പൂജയും അലങ്കാരവും ഒന്നും ഇല്ലാതെ ആ കൃഷ്ണ ശില അവഗണിക്കപ്പെട്ടു കിടക്കുന്നു. എനിക്കെന്തോ വളരെ പ്രയാസം തോന്നി. എന്റെ കയ്യില്‍ ധനം ഉണ്ടായിരുന്നെങ്കില്‍ ഈ ക്ഷേത്രം ഒന്നു വൃത്തിയാക്കുന്നതിനെക്കുറിച്ച് ഞാൻ ചിന്തിച്ചു. ക്ഷേത്രം ശരിയാക്കിയാല്‍ പിന്നെ ആള്‍ക്കാരെ വിളിച്ചു കുംഭാഭിഷേകം നടത്താം എന്നു വിചാരിച്ചു. അപ്പോഴേക്കും മഴ തകർത്തു പെയ്യാൻ തുടങ്ങി. ഞാൻ അവിടെയിരുന്ന് എന്റെ സങ്കല്പത്താൽ ക്ഷേത്രം മനോഹരമാക്കി. കൃഷ്ണ വിഗ്രഹത്തെ കഴുകി വൃത്തിയാക്കി പട്ടു വസ്ത്രങ്ങള്‍കൊണ്ടും സുഗന്ധദ്രവ്യങ്ങള്‍ കൊണ്ടും പൂമാലകൾ കൊണ്ടും അലങ്കരിച്ചു. ക്ഷേത്രം നിറയെ ദീപത്താൽ അലങ്കരിച്ചു. ദീപത്താലും ധൂപത്താലും ആരതി ചെയ്തു. സ്വാദിഷ്ഠമായ പലഹാരങ്ങളും പായസവും ഫലങ്ങളും നേദിച്ചു. കുംഭാഭിഷേകം നടത്തി. എല്ലാര്‍ക്കും അന്നദാനവും നല്കിക്കഴിഞ്ഞപ്പോള്‍ വല്ലാത്ത തൃപ്തിയും തോന്നി. ഇതെല്ലാം ശരിക്കും നടന്നതുപോലെ ഞാൻ അനുഭവിച്ചു. എനിക്ക് ഒരുപാടു സന്തോഷം തോന്നി. മനസ്സില്‍ പറഞ്ഞറിയിക്കാനാവാത്ത ആനന്ദം. എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ആ സമത്താണ്  പെട്ടെന്നു എന്റെ തലയുടെ മുകളില്‍ നിന്നും 'ശ് ശ് ശ്' എന്നൊരു ശബ്ദം കേട്ടു. ഞാന്‍ തല ഉയര്‍ത്തി നോക്കിയപ്പോള്‍ ഒരു സര്‍പ്പം എന്റെ തലയ്ക്കു മുകളില്‍ പടമെടുത്തു കൊത്താനായി ആഞ്ഞു നില്‍ക്കുന്നു. ഭയത്തില്‍ ഞാന്‍ ഉറക്കെ "കൃഷ്ണ കൃഷ്ണാ" എന്നു വിളിച്ചു കൊണ്ടു പുറത്തേയ്ക്കു ഓടി. ഞാന്‍ പുറത്തു വന്നതും ആ ക്ഷേത്രവും കൽമണ്ഡപവും  ഒന്നായി ഇടിഞ്ഞു വീണു. ഒരു നിമിഷം വൈകിയെങ്കിൽ ഞാൻ അതിനടിയിൽപ്പെട്ട് മരിക്കുമായിരുന്നു.  കൃഷ്ണൻ തന്നെ എന്നെ കാത്തു എന്ന് ഞാൻ ഉറപ്പിച്ചു . അത്ഭുതം പോലെ അതുവരെ തകർത്തുപെയ്ത മഴ പെട്ടന്നു നിലച്ചു. ഞാൻ തിരികെ വീട്ടിലേക്കു നടന്നു "
ഇത്രയും പറഞ്ഞ് കർഷകൻ ജോത്സ്യനെ നോക്കി. ഇതെല്ലാം കേട്ട ജ്യോത്സ്യര്‍ പൊട്ടിക്കരഞ്ഞുകൊണ്ട് ആ കര്‍ഷകന്റെ കാലില്‍ വീണു നമസ്കരിച്ചു. കര്‍ഷകന് ഒന്നും മനസ്സിലായില്ല. അയാൾ പിന്നോട്ടു മാറിക്കൊണ്ട് ജ്യോത്സരോടു ചോദിച്ചു.
" അങ്ങ് എന്തവിവേകമാണ് കാണിക്കുന്നത്?എന്താ എന്തു പറ്റി? എന്തിനാ എന്റെ കാലില്‍ വീഴാനെന്തുയോഗ്യതയാണ് എനിക്കുള്ളത് ?"
"അങ്ങയെപ്പോലെ ഒരു കൃഷ്ണഭക്തനെ നമസ്ക്കരിക്കാനുള്ള ഭാഗ്യം ലഭിച്ചുവല്ലോ.‍ ഇവിടുന്നു വന്ന ദിവസം ഞാൻ ജാതകം നോക്കിയപ്പോൾ അന്ന് മരണ സമയമടുത്തു എന്നു മനസ്സിലാക്കി. വിധിയെ മറികടക്കാന്‍ എന്തെങ്കിലും പരിഹാരമുണ്ടോ എന്നും ഞാൻ നോക്കി. പ്രശ്നത്തിൽ കണ്ടത് കൃഷ്ണന്  ഒരു ക്ഷേത്രം നിര്‍മ്മിച്ച്‌ കുംഭാഭിഷേകം നടത്തുന്നത് മാത്രമാണ് അതിനു പരിഹാരം എന്നായിരുന്നു.. പക്ഷെ അങ്ങ് ഇവിടെ വന്നതു തന്നെ ക്ഷാമം കൊണ്ടു പട്ടിണി മാറ്റുവാന്‍ എന്തെങ്കിലും ഉപായം ഉണ്ടോ എന്നു ചോദിക്കാനായിരുന്നു. പിന്നെ അങ്ങയോട് ഇതു പറഞ്ഞീട്ട് എന്തു പ്രയോജനം? മരണം അടുത്തു എന്ന് പറഞ്ഞു ഭയപ്പെടുത്തേണ്ട എന്നു കരുതിയാണ് അടുത്ത ആഴ്ച കാണാമെന്നു പറഞ്ഞ് മടക്കി അയച്ചത്. അങ്ങു പറഞ്ഞതുപോലെ അറിയാതെ ഒരു നേരമ്പോക്കായി ചൊല്ലിയ കൃഷ്ണനാമം അങ്ങയെ  അത്ഭുതാവഹമായി രക്ഷിച്ചു.  അതുകൊണ്ടാണ് ആ സമയത്ത് മാനസീകമായി ക്ഷേത്രം നിര്‍മ്മിച്ചു, കുംഭാഭിഷേകവും നടത്തിയത്. ഒരു ക്ഷേത്രം നിര്‍മ്മിക്കാനുള്ള ധനമോ, സമയമോ ഇല്ല എന്നറിഞ്ഞ ശ്രീകൃഷ്ണഭഗവാൻ മാനസീകമായി കുറച്ചു സമയം കൊണ്ടു അങ്ങ് നിര്‍മ്മിച്ച ക്ഷേത്രത്തില്‍ പരിപൂർണ്ണ സംതൃപ്തനായി. ഭഗവാൻ തന്നെയാണ്  സർപ്പ രൂപത്തില്‍ വന്ന് ഒരു വലിയ ആപത്തില്‍ നിന്നും ഒഴിവാക്കി അങ്ങയുടെ ജീവനെ രക്ഷപ്പെടുത്തിയത്.
 കര്‍ഷകന്‍ എല്ലാം കേട്ടു അത്ഭുതപ്പട്ടു നിന്നു പോയി. "കൃഷ്ണ കൃഷ്ണാ" എത്ര വലിയ ഒരു കാര്യമാണ് നടന്നിരിക്കുന്നത്. ഇതൊക്കെ ആ ഭഗവാന്റെ  അനുഗ്രഹം ഒന്നുകൊണ്ടു മാത്രമല്ലേ! ആ സമയത്തു മഴ വന്നതും, തന്നെ ആ പാഴ്മണ്ഡപത്തില്‍ കൊണ്ടെത്തിച്ചതും എല്ലാം ശ്രീകൃഷ്ണ ഭഗവാന്റെ കൃപയല്ലേ! വലിയ ഉറച്ച വിശ്വാസം ഒന്നും ഇല്ലാതെ വെറുതെ "കൃഷ്ണ കൃഷ്ണാ " എന്നു ഉരുവിട്ടു കൊണ്ടിരുന്നതിനു ഭഗവാന്‍ ഈ കൃപ ചെയ്തിരിക്കുന്നു. അപ്പോള്‍ താന്‍ ഭഗവാനില്‍ ദൃഡ ഭക്തിയോടെ ഭക്തി ചെയ്‌താല്‍ ഭഗവാന്‍ എന്താണ് തരാത്തത്?
ഭഗവാനെ തൃപ്തിപ്പെടുത്താന്‍ ധനം ആവശ്യമില്ല. മനസ്സ് മാത്രം മതി. കര്‍ഷകന്‍ ഈ സത്യം മനസ്സിലാക്കി. ഹൃദയം ഭഗവാന് അര്‍പ്പിക്കു. എപ്പോഴും ചിന്ത നേരായ വഴിയില്‍ തന്നെ ആകണം.  സദാ ഭഗവത് സ്മരണ വേണം.  ഭഗവാനിൽ നിന്നും ഒരിക്കലും വ്യതിചലിക്കാത്ത ദൃഡത വേണം. നമ്മുടെ ചിന്ത ശരിയായിരുന്നാല്‍ എല്ലാം ശരിയാകും. ആരേപ്പറ്റിയും ഒന്നിനെപ്പറ്റിയും നാം തെറ്റായി ചിന്തിക്കരുത്. അത് നമ്മുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കും. സ്വന്തം കാര്യത്തിലും ഒരിക്കല്‍പ്പോലും തെറ്റായി ചിന്തിക്കരുത്.  ഞാൻ ശരിയാവില്ല, ഞാൻ മോശക്കാരനാണ്, ഒന്നിനും കൊള്ളില്ല, എനിക്ക് കഷ്ടകാലമാണ്, എന്തു ചെയ്തീട്ടും ഒരുകാര്യോല്യ  എന്നു ചിന്തിച്ചാല്‍ അങ്ങനെയേ ഭവിക്കൂ. അതിനു പകരം ഏതു സാഹചര്യത്തിലും എല്ലാം ഭഗവാന്‍ ശരിയാക്കും എന്നു ദൃഡതയോടെ  ആത്മവിശ്വാസത്തോടെ കണ്ണനിൽ മനസ്സർപ്പിച്ച് പ്രവര്‍ത്തിച്ചാൽ തീര്‍ച്ചയായും അത്ഭുതങ്ങള്‍ സംഭവിക്കും.  ഹൃദയം സുന്ദരമായതാണ്. അവിടെ ഇഷ്ട മൂർത്തിയെ പ്രതിഷ്ഠിച്ച്, സദാ നമ്മുടെ ഇന്ദ്രിയങ്ങള്‍ക്കു ഗോചരമാകുന്ന വിഷയങ്ങള്‍ ആസ്വദിക്കുന്നത് എല്ലാം തന്നെ അവിടുത്തേക്കുള്ള പ്രേമ പൂജയാക്കി മാറ്റൂ.  ആദ്യം അതു വെറും സങ്കല്പമായി തോന്നും.  ക്രമേണ അതു സത്യമാകും. അന്തരാത്മാവായ ഭഗവാനെ തെളിഞ്ഞു കാണാൻ കഴിയും. ജീവിതത്തില്‍ ഒന്നും തന്നെ ശരിയായി സംഭവിക്കുന്നില്ലെങ്കിലും എല്ലാം ശരിയാകും എന്നു വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരിക്കൂ. താനേ എല്ലാം ശരിയായി നടക്കും. ഭഗവാനിൽ ദൃഢമായ പ്രേമഭക്തി മാത്രമാണ് എന്തിനും ശാശ്വത പരിഹാരം നല്‍കുന്നത്.
എല്ലാ മനസ്സുകളിലും കൃഷ്ണ പ്രേമം നിറയട്ടെ എന്ന പ്രാർത്ഥനയോടെ ഈ അക്ഷരപ്പൂക്കൾ എന്റെ കണ്ണന് പ്രേമപുഷ്പാഞ്ജലിയായി സമർപ്പിക്കുന്നു.
 രാധേ കൃഷ്ണാ രാധേ കൃഷ്ണാ രാധേ കൃഷ്ണാ

ഭക്തി ഒൻപത് തരത്തിലുണ്ട്

*നവധാ ഭക്തി*
അഥവാ ഒൻപത് തരത്തിലുള്ള ഭക്തി.

_ഹൈന്ദവ വിശ്വാസമനുസരിച്ച്
ഭക്തി ഒൻപത് തരത്തിലുണ്ട്. ഇങ്ങനെ ഒൻപത് വിധത്തിലുള്ള ഭക്തിയെ നവധാഭക്തി എന്നു പറയുന്നു._

*1. ശ്രവണം*
*2. കീർത്തനം*
*3. സ്മരണം*
*4. പാദസേവനം*
*5. അർച്ചനം*
*6. വന്ദനം*
*7. ദാസ്യം*
*8. സഖ്യം*
*9. ആത്മനിവേദനം*
എന്നിവയാണവ.

_*ശ്രവണം*_
ഈശ്വരനാമങ്ങൾ, സ്തോത്രങ്ങൾ, ചരിത്രങ്ങൾ എന്നിവ കേൾക്കുന്നതാണ് ശ്രവണം.

_*കീർത്തനം*_
കേട്ടറിഞ്ഞ കാര്യങ്ങൾ പ്രകീർത്തിക്കുന്നതാണ് കീർത്തനം.
സങ്കീർത്തനം, ഇതിഹാസ പുരാണ പാരായണം, ഭജനാർച്ചനകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

_*സ്മരണം*_
സദാ ഈശ്വരനെ ഓർത്തുകൊണ്ടിരിക്കുക എന്നതാണ് സ്മരണം. ആദ്യത്തെ രണ്ടെണ്ണം ഭക്തിയിലേക്കെത്താനുള്ള പ്രാഥമിക മാർഗങ്ങളാണെങ്കിൽ, ഭക്തി ഉണ്ടായിക്കഴിഞ്ഞ് ആദ്യമുണ്ടാകുന്നതാണ് സ്മരണം.

_*പാദസേവനം*_
ഈശ്വരപാദപൂജയാണ് പാദസേവനം കൊണ്ടുദ്ദേശിക്കുന്നത്. അത് കേവലമായ വിഗ്രഹപൂജയല്ല; ഈശ്വരസൃഷ്ടിയായ പ്രപഞ്ചത്തെ സേവിക്കൽ കൂടിയാണ്.

_*അർച്ചനം*_
ഈശ്വരാർച്ചന തന്നെയാണ് അർച്ചന.

_*വന്ദനം*_
ഭഗവാനെയും ഭഗവാന്റെ സൃഷ്ടികളായ എല്ലാറ്റിനെയും ഭക്തിപൂർവം വണങ്ങുന്നതാണ് വന്ദനം.

_*ദാസ്യം*_
ഈശ്വരനെ സ്വാമി അഥവാ യജമാനനായി കണ്ട് ദാസനെപ്പോലെ ജീവിക്കലാണ് ദാസ്യം.

_*സഖ്യം*_
ഈശ്വരനെ തന്റെ കൂട്ടുകാരനെപ്പോലെ കണ്ട് പെരുമാറാൻ കഴിയുന്ന ഭക്തിയുടെ ഒരു സമുന്നത തലമാണ് സഖ്യം.

_*ആത്മനിവേദനം*_
ഈശ്വരനിൽ തന്നെത്തന്നെ സമർപ്പിക്കലാണ് ആത്മനിവേദനം.

അനുക്രമം ഉയരുന്ന ഭക്തിയുടെ വിവിധ തലങ്ങളാണ് നവധാഭക്തി എന്ന സങ്കല്പത്തിലൂടെ അനാവൃതമാകുന്നത്.

ക്ഷേത്ര ചൈതന്യരഹസ്യം...* അദ്ധ്യായം-35

🕉   🕉   🕉  🕉   🕉

നമസ്തേ...

 *ക്ഷേത്ര ചൈതന്യരഹസ്യം...*
അദ്ധ്യായം-35

🔯🔆🔯🔆🔯🔆🔯

 *ശ്രീ പരശുരാമ സ്വാമി ക്ഷേത്രം*

🕉🔥🕉🔥🕉🔥🕉
കേരളത്തിലെ ഏക  പരശുരാമ ക്ഷേത്രമാണ് തിരുവല്ലം ശ്രീ പരശുരാമ സ്വാമി ക്ഷേത്രം.

പരബ്രഹ്മസ്വരൂപനായ പരശുരാമനെ ചതുർബാഹു മഹാവിഷ്ണുവിന്റെ രൂപത്തിൽ ആണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. എന്നാൽ താമരക്ക് പകരം പരശുരാമന്റെ ആയുധമായ മഴുവാണു പ്രതിഷ്ഠയിൽ ഉള്ളത്‌.  കൂടാതെ ശിവനും തുല്യ പ്രാധാന്യത്തോടെ കുടികൊള്ളുന്നുണ്ട്.

ശിവ പ്രതിഷ്ഠയ്ക്ക് കിഴക്കോട്ടും പരശുരാമന് വടക്കോട്ടുമാണ് ദർശനമുള്ള ഈ ക്ഷേത്രത്തിലെ *ഉപദേവന്മാർ മത്സ്യമൂർത്തി, ശ്രീകൃഷ്ണൻ,*
*ഗണപതി, വേദവ്യാസൻ,ബ്രഹ്മാവ്,സുബ്രഹ്മണ്യൻ*  തുടങ്ങിയവരാണ്. കോവളം ബീച്ചിൽ നിന്നും 6 കിലോമീറ്ററും, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 3 കിലോമീറ്ററിനും അകലെയായി കരമനയാറും, പാർവ്വതീപുത്തനാറും, കിള്ളിയാറും, സംഗമിക്കുന്ന സ്ഥലത്തോട് ചേർന്നാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

മരണാനന്തര കർമ്മമായ ബലിതർപ്പണമാണ് ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാട്. അമ്മക്ക് പുനർജ്ജന്മം നേടിക്കൊടുത്ത ഭഗവാൻ പരശുരാമന്റെ സന്നിധിയിൽ ബലിയർപ്പിച്ചാൽ പരേതാത്മാവിന് മോക്ഷം ലഭിക്കുമെന്ന വിശ്വാസമാണ് ഭക്തരെ ഇവിടേക്ക് ആകർഷിക്കുന്നത്. ഇവിടെ കർക്കിടകവാവിന് ബലിയർപ്പിച്ചാൽ ഒരു വർഷം മുഴുവൻ ബലിയർപ്പിക്കുന്നതിന്റെ പുണ്യമുണ്ട് എന്നും വിശ്വാസമുണ്ട്.

പിതൃതര്‍പ്പണം നടത്തുന്ന ക്ഷേത്രങ്ങളില്‍ ഏറെ പേരുകേട്ടതാണ് തിരുവല്ലം പരശുരാമ ക്ഷേത്രം.

സംസ്ഥാനത്തെ ഏക പരശുരാമ പ്രതിഷ്ഠയുള്ള ക്ഷേത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ഇന്ത്യയില്‍ തന്നെ ക്ഷേത്രത്തിനകത്ത് ബലിതര്‍പ്പണം നടത്തുന്നത് തിരുവല്ലം പരശുരാമ ക്ഷേത്രത്തില്‍ മാത്രമാണ്. 1400 വര്‍ഷത്തിലധികം പഴക്കമുള്ളതാണ് തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം.

ആയ് രാജാക്കന്മാരുടെ കാലത്താണ് ഈ ക്ഷേത്രം സ്ഥാപിച്ചതെന്നാണ് കരുതുന്നത്. ഇവരുടെ വടക്കേ അതിര്‍ത്തി തിരുവല്ലവും തെക്കേ അതിര്‍ത്തി കന്യാകുമാരിയുമായിരുന്നുവെന്ന് സംഘസാഹിത്യ കൃതിയായ പുറനാനൂറില്‍ പറയുന്നുണ്ട്. ആയ് രാജാക്കന്മാരുടെ തലസ്ഥാനം വിഴിഞ്ഞമാണെന്നും ചരിത്രരേഖകള്‍ പറയുന്നു.
ആയ് രാജാക്കന്മാരില്‍ പ്രമുഖനായിരുന്ന ആയി അണ്ടിരന്‍ ശൈവ വിശ്വാസിയായിരുന്നു. അദ്ദേഹത്തിന്റെ ആരാധനാകേന്ദ്രം തിരുവല്ലത്തെ ശിവക്ഷേത്രമായിരുന്നുവെന്നും പറയുന്നു. ക്രിസ്തുവര്‍ഷം ഒന്‍പതാം നൂറ്റാണ്ടില്‍ ശ്രീ ശങ്കരാചാര്യരാണ് ഇവിടത്തെ പ്രതിഷ്ഠ നടത്തിയെന്നാണ് ചരിത്രം പറയുന്നത്. ക്ഷേത്രത്തിനടുത്തുള്ള നദിയില്‍നിന്ന് ചെളിയെടുത്ത് ശര്‍ക്കരയുമായി ചേര്‍ത്തുണ്ടാക്കിയ കൂട്ടുപയോഗിച്ച് വിഗ്രഹം നിര്‍മിച്ചുവെന്നാണ് ഐതിഹ്യം.

ശങ്കരാചാര്യര്‍ തന്റെ മാതാവിന്റെ പിണ്ഡം വെച്ചത് തിരുവല്ലത്ത് ആയിരുന്നുവെന്നും പിണ്ഡവുമായി പുഴക്കരയിലെത്തിയപ്പോള്‍ മഹാവിഷ്ണു മത്സ്യമൂര്‍ത്തിയായി വന്ന് വായ പിളര്‍ന്ന് അത് ഏറ്റുവാങ്ങിയെന്നുമാണ് ഐതിഹ്യം. ഇവിടെ പരശുരാമ പ്രതിഷ്ഠയോടൊപ്പം ശിവന്റെ പ്രതിഷ്ഠയും ഉള്ളതുകൊണ്ട് തൃക്കണ്ണപ്പന്‍ ക്ഷേത്രം എന്നും പരശുരാമ ക്ഷേത്രം അറിയപ്പെട്ടിരുന്നു.

ഹൈന്ദവ ആചാരമനുസരിച്ച് പിതൃക്കള്‍ക്ക് തിരുവല്ലത്ത് ബലിതര്‍പ്പണം നടത്തിയാല്‍ പൂര്‍വികര്‍ക്ക് ശാന്തി ലഭിക്കുമെന്നാണ് വിശ്വാസം.
ഈ വിശ്വാസത്തിലാണ് സംസ്ഥാനത്തിന് പുറത്തുനിന്നും പിതൃതര്‍പ്പണത്തിന് ആയിരങ്ങള്‍ ഇവിടെയെത്തുന്നത്.
കര്‍ക്കടകത്തിലെ വാവുബലിക്കും അമാവാസി നാളിലും ബലിതര്‍പ്പണത്തിനും ഇവിടെ വന്‍തിരക്കാണ്. വാലായ്മ (പുല) ഉള്ളവര്‍ക്ക് ക്ഷേത്രത്തിന് പുറത്താണ് ബലിതര്‍പ്പണം നടത്തേണ്ടത്. കടവ് ബലി എന്നാണ് ഇതിനെ പറയുന്നത്. കരമനയാറിന്റെ കൈവഴിയില്‍ മൂന്ന് തീര്‍ഥഘട്ടങ്ങളുണ്ട്. തെക്കുപടിഞ്ഞാറുള്ള അസ്ഥി നിമജ്ജന കടവ്, മധ്യഭാഗത്തുള്ള കടവ്, വടക്കുപടിഞ്ഞാറ് ഭാഗത്തുള്ള തീര്‍ഥക്കടവ് എന്നിവയാണ് ഇവിടെയുള്ളത്.

*എല്ലാ ദിവസവും രാവിലെ 6.30 മുതല്‍ 10 വരെയാണ്* ഇവിടെ ബലിതര്‍പ്പണം നടത്തുന്നത്. *അമാവാസി ദിനത്തില്‍ രാവിലെ അഞ്ചുമുതല്‍ 11.30 വരെയാണ്* ബലിതര്‍പ്പണം നടത്തുന്നത്.
കേന്ദ്ര പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമാണ് ഈ ക്ഷേത്രം. വാസ്തു ശാസ്ത്ര പരമായ പ്രത്യേകതയുള്ളതാണ് ഈ ക്ഷേത്രം. ക്ഷേത്ര മതിലില്‍ രണ്ട് ശിലാലിഖിതങ്ങളുണ്ട്.
വേണാട് ഭരിച്ചിരുന്ന വീര കേരള വര്‍മയുടെ കാലത്തുള്ള ലിഖിതവും മറ്റൊന്ന് കൊല്ലവര്‍ഷം 412-ലേതുമാണ്. ക്ഷേത്രത്തിലെ ആചാരങ്ങളുടെയും നിത്യപൂജയുടെയും വിവരങ്ങളാണ് ഇവ. തമിഴ്ഭാഷയിലാണ് ഇവ കൊത്തിവെച്ചിരിക്കുന്നത്. ദ്രാവിഡ ശൈലിയിലാണ് ക്ഷേത്രത്തിന്റെ മുഖമണ്ഡപം നിര്‍മിച്ചിരിക്കുന്നത്.

രണ്ടു കൊടിമരമുള്ള അപൂര്‍വം ക്ഷേത്രങ്ങളിലൊന്നാണിത്. വടക്കുദര്‍ശനമായി പരശുരാമന്റെ മുന്നില്‍ ഒരു കൊടിമരവും കിഴക്കുദര്‍ശനമായി പ്രതിഷ്ഠിച്ചിട്ടുള്ള ശിവന്റെ മുന്നിലുള്ള മറ്റൊരു കൊടിമരവുമാണ് ഇവിടെയുള്ളത്.

 *മഹാ ഗണപതി,* *മഹാദേവന്‍* , *ബ്രഹ്മാവ്, പരശുരാമന്‍* , *ശാസ്താവ്, ശ്രീകൃഷ്ണന്‍ കന്നിമൂല ഭഗവതി, സുബ്രഹ്മണ്യന്‍,* *വേദവ്യാസന്‍, മത്സ്യമൂര്‍ത്തി, മഹിഷാസുര മര്‍ധിനി,* *നാഗരാജാവ്, ഉടയവര്‍, ഉടയവരമ്മ* എന്നീ പ്രതിഷ്ഠകളാണ് ഇവിടെയുള്ളത്.  ഓരോ പ്രതിഷ്ഠകള്‍ക്കും പ്രത്യേക പൂജാ വിധികളാണുള്ളത്.  ക്ഷേത്രോത്പത്തിയെക്കുറിച്ചും ബലിതര്‍പ്പണ ചടങ്ങുകളെക്കുറിച്ചും ഭക്തര്‍ക്ക് പറഞ്ഞുകൊടുക്കുന്നതിനായി ചന്ദ്രന്‍ നായര്‍ എന്ന ഗൈഡിനെയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തുലാം മാസത്തിലെ അത്തം നക്ഷത്രത്തിലാണ് ഇവിടെ ഉത്സവത്തിന് കൊടിയേറുക.  തിരുവല്ലം ഇടയാറിലെ നാരകത്തറ തറവാട്ടില്‍ നിന്നാണ് കൊടിയേറ്റ് ചടങ്ങിനുള്ള കൊടിക്കൂറയും കയറും കൊണ്ടുവരിക.  തിരുവോണം നാളില്‍ ഇവിടെനിന്ന് പുറപ്പെടുന്ന ആനപ്പുറത്തെഴുന്നള്ളിപ്പ് ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ കൂടിയാറാട്ടിനൊപ്പമെത്തും.
തുടര്‍ന്ന് കൊടിയിറക്കോടെ ഉത്സവം അവസാനിക്കും.

 *ക്ഷേത്ര ഐതിഹ്യം...*

🕉🔥🕉🔥🕉🔥🕉

സന്യാസം നേടി നാട്ടിലെത്തിയ ശങ്കരാചാര്യർ തന്റെ അമ്മയുടെ ബലിതർപ്പണം നടത്താനായി ഇവിടെയെത്തിയപ്പോൾ ബ്രഹ്മാവ്, പരശുരാമൻ,  പരമശിവൻ എന്നിവർ അദ്ദേഹത്തിന് ദർശനമേകുകയും തുടർന്ന് അദ്ദേഹം മൂവരെയും പ്രതിഷ്ഠിയ്ക്കുകയും ചെയ്തുവെന്നാണ് കഥ. അതിനാൽ ഓംകാര പ്പൊരുളായ ത്രിമൂർത്തികളുടെ സാന്നിധ്യം ഇവിടെയുണ്ട് എന്നാണ് വിശ്വാസം.

 *ബലിതർപ്പണം...*

🕉🔥🕉🔥🕉🔥🕉

ക്ഷേത്രത്തിനകത്തുതന്നെ ബലിതർപ്പണം നടത്താൻ സാധിയ്ക്കുന്ന ഏക ക്ഷേത്രമാണ് തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം.
ദിവസവും ഇവിടെ ആയിരങ്ങൾ ബലിയിടാൻ വരാറുണ്ട്. ഇതിനായി വരുന്നവർ അടുത്തുള്ള നദിയിൽ കുളിച്ച് ഈറനോടെ വന്നിട്ട് വേണം ഇത് ചെയ്യാൻ.
കർക്കടകം, തുലാം, മകരം എന്നീ മാസങ്ങളിലെ അമാവാസിയ്ക്ക് ക്ഷേത്രത്തിൽ വൻ തിരക്കായിരിയ്ക്കും.

 *ഉത്സവം* ...

🕉🔥🕉🔥🕉🔥🕉
തുലാമാസത്തിൽ അത്തം നാളിൽ കൊടിയേറി തിരുവോണം നാളിൽ ആറാട്ട് വരുന്ന വിധത്തിലാണ് ക്ഷേത്രോത്സവം. പത്തുദിവസവും ഗംഭീര പരിപാടികൾ ഉണ്ടായിരിയ്ക്കും. പത്മനാഭസ്വാമിക്ഷേത്രത്തിൽ ഉത്സവം നടക്കുന്ന അതേ സമയത്താണ് തിരുവല്ലത്തും ഉത്സവം നടക്കുന്നത്.

🔯🔆🔯🔆🔯🔆🔯

സദാശിവസമാരംഭാം
ശങ്കരാചാര്യമധ്യമാം
അസ്മദാചാര്യപര്യന്താം
വന്ദേ ഗുരുപരമ്പരാം
🕉🔥🕉🔥🕉🔥🕉

ഇത് അറിയാനും, അറിയിക്കാനുമുള്ള
ഒരു എളിയ ശ്രമം മാത്രമാണ്.
വാദിക്കാനും ജയിക്കാനുമല്ല.
ആത്മീയതയുടെ പാതയിൽ
മഹത്തായ അറിവ്‌  പകർന്ന് നൽകിയ
ഗുരു ശ്രേഷ്ഠരോടുള്ള  കടപ്പാട് 
വിനയപൂര്‍വ്വം സ്മരിക്കുന്നു.

സർവേശാം സ്വസ്ഥിർ ഭവതഃ
സർവേശാം ശാന്തിർ ഭവതഃ
സർവേശാം പൂർണം ഭവതഃ
സർവേശാം മംഗളം ഭവതഃ
സർവ്വേ ഭവന്തു സുഖിനഃ
സർവ്വേ സന്തു നിരാമയഃ
സർവ്വേ ഭദ്രാണി പശ്യന്തഃ
മാകശ്ചിത് ദുഃഖഭാക്ഭവേതഃ

🕉🔥🕉🔥🕉🔥🕉🔥🕉

എല്ലാവരും സ്വസ്ഥരായിരിക്കട്ടെ

എല്ലാവരും ശാന്തരായിരിക്കട്ടെ,

എല്ലാം പൂർണമായിരിക്കട്ടെ

എല്ലാവർക്കും മംഗളം ഭവിക്കട്ടെ....